സ്‌കൂളില്‍ സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ പരിശോധിക്കുന്ന സമിതി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആലപ്പുഴ: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ഓഫീസുകളില്‍ നിര്‍ബന്ധമായും രൂപീകരിച്ചിരിക്കേണ്ടപരാതി പരിഹാര സമിതിക്ക് മുഹമ്മയിലെ സ്വകാര്യ സ്‌കൂളിലും അടിയന്തരമായി രൂപം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരേ ഒരധ്യാപിക കമ്മീഷനില്‍ സമര്‍പ്പിച്ച പരാതി സമിതി പരിശോധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. സമിതി ആവശ്യമായ പരിശോധനകളും നടപടികളും സ്വീകരിച്ചതായി പ്രിന്‍സിപ്പല്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അധ്യാപിക സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സ്വകാര്യ എയ്ഡഡ് സ്‌കൂളിലെ കെ.ജി. സെക്ഷനില്‍ പ്രധാനാധ്യാപികയാണ് പരാതിക്കാരി. 2017-18 അധ്യയന വര്‍ഷം ചുമതലയേറ്റ പ്രിന്‍സിപ്പല്‍ തന്നെ മാനസികമായി ഉപദ്രവിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ശിക്ഷാനടപടികളുടെ ഭാഗമായാണ് പ്രിന്‍സിപ്പല്‍ മുഹമ്മയിലെ സ്‌കൂളിലെത്തിയതെന്നും പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകരുടെ മുന്നില്‍ പ്രിന്‍സിപ്പല്‍ തന്നെ അപമാനിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഓഫീസില്‍ വിളിച്ചു വരുത്തിയും അപമാനിക്കും. അധ്യാപക രക്ഷകര്‍തൃയോഗത്തിലും മോശമായി പെരുമാറാറുണ്ട്. അധ്യാപികയുടെ പരാതി കമ്മീഷനില്‍ നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍ മുഖേന ഹാജരായ പ്രിന്‍സിപ്പല്‍ കമ്മീഷന്‍ മുന്പാകെ അറിയിച്ചു. എന്നാല്‍ ഗൗരവകരമായ ഒരു പരാതി നിലനില്‍ക്കുന്നതല്ലെന്ന പേരില്‍ വലിച്ചെറിയാനാവില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമം തടയുന്നതിന് 2013ല്‍ നിര്‍മിച്ച നിയമ പ്രകാരം എല്ലാ ഓഫീസുകളിലും ഒരു പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അന്വേഷണത്തില്‍ മുഹമ്മ സ്‌കൂളില്‍ ഇത്തരമൊരു സമിതി രൂപീകരിച്ചിട്ടില്ലെന്ന് മനസിലാക്കിയതായി കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. പ്രിന്‍സിപ്പലിനെതിരേ ഗുരുതരമായ പരാതികള്‍ ഒരധ്യാപിക ഉന്നയിച്ച സാഹചര്യത്തില്‍ പരാതി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും ഉത്തരവില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍