അര്‍ഹതപ്പെട്ട കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയം നല്‍കും: മന്ത്രി

 പുനലൂര്‍: കുളത്തൂപ്പുഴ പഞ്ചായത്തിലെ റോസ്മലയില്‍ അര്‍ഹതപ്പെട്ട കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയം നല്‍കുമെന്ന് മന്ത്രി കെ .രാജു പറഞ്ഞു. പുനലൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റോസ്മലയിലെ വാര്‍ഡ് അംഗം വരദ പ്രസന്നന്‍ അടക്കമുള്ള 14 താമസക്കാരുടെ ഭൂമിയുടെ പട്ടയം വിതരണം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇനി ശേഷിക്കുന്ന കുടുംബങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നിയമപരമായ തടസങ്ങള്‍ ഒഴുവാക്കി പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 165 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയിരുന്നു. ഇത് കൂടാതെ മാമ്പഴത്തറയിലെ ദേവസ്വം ഭൂമിയില്‍ വര്‍ഷങ്ങളായി താമസിച്ചു വരുന്ന 103 കുടുംബങ്ങളുടെ ഭൂമിക്കും പട്ടയം നല്‍കി തരം സ്വീകരിക്കകയും ചെയ്തു. പട്ടയം ലഭിച്ചാല്‍ ഉടന്‍ ഭൂമികള്‍ ബാങ്കില്‍ പണയപ്പെടുത്തി പണം തിരികെ അടക്കാതെ കടക്കെണിയിലാകുന്ന സ്ഥിതിക്ക് മാറ്റം വരണം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഏറെ നാളായി താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭിച്ചതെന്ന തിരിച്ചറിവും താമസക്കാര്‍ക്ക് ഉണ്ടായിരിക്കണം. വിളക്കുടി വില്ലേജിലെ സ്വകാര്യ ഭൂമിയില്‍ താമസിക്കുന്ന 150 ഓളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും, റവന്യൂ വകുപ്പ് മന്ത്രിക്കും താമസക്കാര്‍ നിവേദനം നല്‍കിയിരുന്നു. ഇത് റവന്യൂ വകുപ്പ് പരിശോധിച്ചു വരികയാണ്. ഉടമയുമായി ചര്‍ച്ച നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.രാജശേഖരന്‍ ഒ നിഷാറ്റ്, തഹസീല്‍ദാര്‍ ടി.വിനോദ് രാജ്, എല്‍ ആര്‍ തഹസീല്‍ദാര്‍ ബിജു രാജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ടി.രാജേന്ദ്രന്‍ പിള്ള, ഉദയകുമാര്‍, റോസ് മല വാര്‍ഡ് അംഗം വരദാ പ്രസന്നന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍