ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല, അന്തിമ തീരുമാനം നാളെ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല. ഇന്നലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് യോഗത്തിനു ശേഷവും അന്തിമ പട്ടികയില്‍ തീരുമാനമായില്ല. ഇന്ന് ഉത്തരേന്ത്യയില്‍ ഹോളി ആയതിനാല്‍ പട്ടിക നാെള പുറത്തിറങ്ങാനാണ് സാദ്ധ്യത. രണ്ടാഴ്ച്ചയിലേറെ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്.ബി.ജെ.പി 14 സീറ്റുകളിലും ബി.ഡി.ജെ.എസ് അഞ്ച് സീറ്റുകളില്‍ മത്സരിക്കും. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക. ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും. അതേസമയം, പത്തനംതിട്ടയില്‍ ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയില്‍ ധാരണയായെന്നാണ് സൂചന. ഇതുള്‍പ്പെടെ കേരളത്തിലെ 14 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് സമിതി അംഗീകാരം നല്‍കി. അമിത് ഷാ പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ സര്‍വേയില്‍ തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട് മണ്ഡലങ്ങളില്‍ ഏറ്റവും വിജയസാദ്ധ്യത കെ.സുരേന്ദ്രനാണെന്ന് കണ്ടെത്തിയിരുന്നു. ഈ സര്‍വേയും ശബരിമല സമരത്തിന് മുന്നില്‍ നിന്ന സുരേന്ദ്രനെ അവഗണിക്കുന്നുവെന്നാരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചതും ശ്രീധരന്‍പിള്ളയ്ക്ക് തിരിച്ചടിയായി. പത്തനംതിട്ട മണ്ഡലത്തിനായി സജീവമായി രംഗത്തുണ്ടായിരുന്ന സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള മറ്റേതെങ്കിലും സീറ്റില്‍ മത്സരിക്കുമോ എന്നതില്‍ വ്യക്തതയില്ല. അദ്ധ്യക്ഷന്‍ മത്സരിക്കേണ്ടെന്ന് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍