സാമ്പത്തിക സംവരണത്തിനെതിരേയുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടേക്കും. ഇക്കാര്യത്തില്‍ 28നു തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അതേസമയം, മുന്നോക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കോണ്‍ഗ്രസ് നേതാവ് തെഹസീന്‍ പൂനെവാല, യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന എന്‍ജിഒ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. സംവരണങ്ങളുടെ പരിധി 50 ശതമാനത്തില്‍ കൂടരുതെന്ന ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമത്വ സിദ്ധാന്തം വളച്ചൊടിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സംവരണ തത്വങ്ങള്‍ പരിശോധിച്ച രണ്ട് സുപ്രീം കോടതി ഉത്തരവുകള്‍ നിലവിലുണ്ടെന്നും അത് മറികടന്നുള്ള നടപടിയായതിനാല്‍ ഭേദഗതി നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്നും തെഹസീന്‍ പൂനെവാലയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്റ്റേ ആവശ്യം അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി, വിശാല ബെഞ്ച് പരിഗണിക്കണമെന്നാണ് ഉന്നയിക്കുന്നതെങ്കില്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് 28നു തീരുമാനമെടുക്കുമെന്നറിയിച്ച് കേസ് പരിഗണിക്കുന്നതു മാറ്റിവച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍