അഭിനന്ദന്റെ മടങ്ങിവരവ്: സിദ്ദുവിനു നന്ദിപറഞ്ഞ് ഉമ്മന്‍ ചാണ്ടി, മറുപടിയുമായി സിദ്ദു

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ കസ്റ്റഡിയിലായിരുന്ന വൈമാനികന്‍ അഭിനന്ദന്റെ തിരിച്ചുവരവിന് മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവിനു നന്ദി പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.
അഭിനന്ദന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തുള്ള ട്വീറ്റിലായിരുന്നു സിദ്ധുവിനുള്ള നന്ദി അറിയിക്കല്‍. നവജ്യോത് സിംഗ് സിദ്ദുവിന്റെ സത്യസന്ധമായ ശ്രമങ്ങള്‍ക്കും ഇമ്രാന്‍ ഖാന്റെ നല്ല മനസിനും നന്ദി എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയും പാകിസ്ഥാനും ഇടയില്‍ സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി ട്വീറ്റ് ചെയ്തു. പിന്നാലെ, ഉമ്മന്‍ ചാണ്ടിയുടെ ട്വീറ്റിനു മറുപടിയുമായി സിദ്ദു രംഗത്തെത്തി. മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ തനിക്ക് കൂടുതല്‍ ധൈര്യം പകരുന്നുവെന്ന് സിദ്ദു മറുപടി സന്ദേശത്തില്‍ പറഞ്ഞു. അതേസമയം, ഉമ്മന്‍ ചാണ്ടി നന്ദിയര്‍പ്പിക്കാനുണ്ടായ സിദ്ദുവിന്റെ ഔദ്യോഗിക ഇടപെടല്‍ എന്തെന്നു വ്യക്തമല്ല. മൂന്നു ദിവസം മുമ്പ് പാക്കിസ്ഥാന്റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വെള്ളിയാഴ്ച വൈകിട്ടാണ് ഇന്ത്യക്കു കൈമാറിയത്. സമാധാന നീക്കം എന്ന രീതിയിലാണ് വൈമാനികനെ പാക്കിസ്ഥാന്‍ വിട്ടുനല്‍കിയതെങ്കിലും ജനീവ ഉടമ്പടിയുടെ പാലനം മാത്രമെന്നു വിലയിരുത്തലുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍