സോഷ്യല്‍ മീഡിയ കുറ്റവാളികളുടെ വിവരം കേരളത്തിനു കൈമാറുമെന്നു ദുബായ് പോലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ദുബായ് പോലീസും കേരള പോലീസും തമ്മില്‍ ധാരണയായി. ഫേസ്ബുക്ക്, വാട്‌സ് ആപ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ അവ തടയാനും കുറ്റവാളികളെ കണ്ടെത്താനുമാണു നടപടി. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ഏറ്റവുമധികം സോഷ്യല്‍ മീഡിയ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു. 
ലോകരാജ്യങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ക്രൈം കുറ്റാന്വേഷണം തുടങ്ങിയവയില്‍ സൈബര്‍ ഡോമുമായി സഹകരിക്കാനുള്ള സന്നദ്ധതയും ദുബായ് പോലീസ് സൈബര്‍ മേധാവി പങ്കുവച്ചതായി എഡിജിപി മനോജ് ഏബ്രഹാം അറിയിച്ചു. കേരളത്തിലെ സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ സൈബര്‍ ഡോം ആസ്ഥാനത്തെത്തിയ ദുബായ് പോലീസ് ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയാണ് സൈബര്‍ ഡോമിന്റെ സഹകരണം കേരള പോലീസിനോട് ആവശ്യപ്പെട്ടത്. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച സൈബര്‍ ഡോം ലോകത്തുതന്നെ സൈബര്‍ സുരക്ഷാരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും ഇതു പോലൊരു കേന്ദ്രം ദുബായ് പോലീസില്‍ ആരംഭിക്കാനുമായാണ് ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സൈബര്‍ ഡോം സന്ദര്‍ശിച്ചത്. സൈബര്‍ ഡോമിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൈബര്‍ ഡോം മേധാവി മനോജ് ഏബ്രഹാം ഇവര്‍ക്കു വിവരിച്ചു നല്‍കി. തുടര്‍ന്നാണ് സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ ക്രൈം സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് എന്നിവയില്‍ കേരള പോലീസിന്റെ സഹകരണം ആവശ്യപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍