നിയമപരിഷ്‌കരണ വാഗ്ദാനവുമായി കോണ്‍ഗ്രസ് പ്രകടനപത്രിക

ന്യൂഡല്‍ഹി : ശ്രദ്ധേയമായ നിയമപരിഷ്‌കാരങ്ങള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക. അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കരിനിയമങ്ങള്‍ റദ്ദാക്കുമെന്നാണ് വാഗ്ദാനം. വിവര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പഴുത് നല്‍കുന്ന നിയമങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയാണ് നിയമപരിഷ്‌കരണത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ബ്രിട്ടീഷ് കാലം മുതല്‍ നിലനില്‍ക്കുന്ന ഐ.പി.സി 124എ, യു.എ.പി.എയിലെ സെക്ഷന്‍ 2 തുടങ്ങിയവ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മോദി സര്‍ക്കാര്‍ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന ആക്ഷേപം കോണ്‍ഗ്രസ് അടക്കം ഉന്നയിച്ചിട്ടുണ്ട്. ഈ കരിനിയമങ്ങള്‍ ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സ്വകാര്യത സംരക്ഷണമാണ് മറ്റൊന്ന്. ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും വ്യാപകമായ പശ്ചാത്തലത്തില്‍ പൌരന്റെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ കൊണ്ടുവരുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ട്രാന്‍സ്ജന്‍ഡര്‍ നിയമവും പരിഷ്‌കരിക്കാന്‍ പദ്ധതിയുണ്ട്. കരട് പ്രകടന പത്രികയിലെ നിര്‍ദേശങ്ങള്‍ക്ക് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി അന്തിമ അംഗീകാരം നല്‍കുന്നതോടെ പ്രകടനപത്രിക പുറത്തുവിടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍