പാക്കിസ്ഥാന്‍ അഭിനന്ദനെ വിട്ടയച്ചത് മോദിയുടെ ഭീഷണി ഭയന്ന്: യെദിയൂരപ്പ

ബംഗളുരു: ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ തയാറായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭീഷണിയെ തുടര്‍ന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ. ഒരു ദേശസ്‌നേഹി എങ്ങനെയായിരിക്കണമെന്ന് അഭിനന്ദന്‍ തെളിയിച്ചെന്നും യെദിയൂരപ്പ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അഭിനന്ദനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ തയാറായത്. വിട്ടയച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് പാക്കിസ്ഥാന്റെ തിടുക്കത്തിലുള്ള നടപടിക്കു കാരണം യെദിയൂരപ്പ പറഞ്ഞു. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനെതിരായ വ്യോമാക്രമണങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചെന്നും ഇത് കര്‍ണാടകയിലും പ്രതിഫലിക്കുമെന്നും യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ബിജെപി 22 സീറ്റ് നേടുമെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍