കിം -ട്രംപ് മൂന്നാം ഉച്ചകോടിക്കു സാധ്യത

ന്യൂയോര്‍ക്ക്: ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ മൂന്നാമതും ഉച്ചകോടി നടത്താനുള്ള സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ അണ്ടര്‍ സെക്രട്ടറി ആന്‍ഡ്രിയാ തോംസണ്‍ പറഞ്ഞു. തിയതിയും സമയവും ഒന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. വാഷിംഗ്ടണില്‍ കാര്‍ണേഗി ഇന്റര്‍നാഷണല്‍ ആണവനയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോംസണ്‍. ഇതിനിടെ, ഹാനോയി ഉച്ചകോടി തീര്‍ത്തും പരാജയപ്പെട്ടെന്നു പറയാനാവില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന് എബിസി ന്യൂസിനോടു പറഞ്ഞു. ഉപരോധം മുഴുവന്‍ നീക്കണമെന്ന കിമ്മിന്റെ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ച് ട്രംപ് ഹാനോയി സമ്മേളനത്തില്‍നിന്നു വാക്കൗട്ട് നടത്തുകയായിരുന്നു. ഉത്തരകൊറിയയുമായി ആണവനിരായുധീകരണക്കരാര്‍ ഉണ്ടാക്കാന്‍ അത്യാവേശമില്ലെന്നും അമേരിക്കയുടെ താത്പര്യത്തിനാണു പ്രാധാന്യമെന്നും ഉള്ള സന്ദേശം മറ്റു രാജ്യങ്ങള്‍ക്കുകൂടി നല്‍കാന്‍ ട്രംപിന്റെ നടപടി ഉപകരിച്ചെന്നു ബോള്‍ട്ടന്‍ അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍