മാണിയുമായി യോജിച്ചു പോകാനാവില്ലെന്ന് ജോസഫ്

തിരുവനന്തപുരം: കോട്ടയം ലോക്‌സഭാ സീറ്റ് വിഷയത്തില്‍പ്പെട്ട് മാണി ജോസഫ് പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ തുടരവെ നിലപാട് കടുപ്പിച്ച് പി.ജെ.ജോസഫ് എംഎല്‍എ. പ്രശ്‌നപരിഹാരത്തിന് സാധ്യതകള്‍ തേടി ജോസഫ് യുഡിഎഫ് നേതാക്കളെ സന്ദര്‍ശിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായാണ് ജോസഫ് ഇന്നു രാവിലെ കൂടിക്കാഴ്ച നടത്തി
യത്.
മോന്‍സ് ജോസ്ഫ് എംഎല്‍എയ്‌ക്കൊപ്പമാണ് പി.ജെ.ജോസഫ് ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയത്. കെ.സി.ജോസഫ് എംഎല്‍എയും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. പത്തു മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറല്ലെന്ന് ജോസഫ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. മാണി വിഭാഗവുമായി ഒരുതരത്തിലും യോജിച്ചുപോകാനാകില്ലെന്ന് ജോസഫ് അറിയിച്ചെന്നാണ് സൂചന.
ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ജോസഫ് ഉമ്മന്‍ചാണ്ടിയോട് വ്യക്തമാക്കിയതായാണ് വിവരം. 
പ്രശ്‌നത്തിന് ഉചിതമായ രീതിയിയില്‍ പരിഹാരമുണ്ടാക്കാമെന്ന് ഉമ്മന്‍ചാണ്ടി ജോസഫിന് ഉറപ്പുനല്‍കിയെന്നും സൂചനകളുണ്ട്. എന്നാല്‍, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ നേതാക്കള്‍ തയാറായില്ല. 
ഒരാളോട് മാത്രം സംസാരിച്ചതുകൊണ്ട് കാര്യമില്ലെന്നും കാര്യങ്ങള്‍ യുഡിഎഫാണ് തീരുമാനിക്കേണ്ടതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തെത്തിയ ജോസഫ് അറിയിച്ചു. കൂടുതല്‍ പ്രതികരണങ്ങള്‍ യുഡിഎഫ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ആകാമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.കേരള കോണ്‍ഗ്രസിലെ തര്‍ക്കവിഷയത്തില്‍ ഇടപെടുമെന്ന് ചൊവ്വാഴ്ച ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 
ഉമ്മന്‍ചാണ്ടിയെ കണ്ടതിനു പിന്നാലെ കന്റോണ്‍മെന്റ്ഹൗസിലെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും ജോസഫ് കൂടിക്കാഴ്ച നടത്തി. 
ജോസഫിനും മോന്‍സ് ജോസഫിനുമൊപ്പം കോതമംഗലം മുന്‍ എംഎല്‍എ ടി.യു.കുരുവിളയും പ്രതിപക്ഷ നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍