പരീക്കറിന് അന്ത്യാഞ്ജലി ; സംസ്‌കാരം ഇന്നു വൈകിട്ട് പനാജിയില്‍

പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ സംസ്‌കാരം ഇന്നു നടക്കും. വൈകുന്നേരം അഞ്ചിന് പനാജിയിലാണ് ചടങ്ങുകള്‍. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രിയും മറ്റ് കേന്ദ്ര മന്ത്രിമാരും പനാജിയിലെത്തും.
പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് 2018 ഫെബ്രുവരി മുതല്‍ ചികിത്സയിലായിരുന്നു. പനാജിയിലെ സ്വകാര്യവസതിയില്‍ ഇന്നലെ വൈകുന്നേരം 6.40നായിരുന്നു അന്ത്യം. നാലു തവണ മുഖ്യമന്ത്രിയായ പരീക്കര്‍ മൂന്നു വര്‍ഷം കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. 
രോഗത്തിന്റെ അവശതകള്‍ക്കിടയിലും കഴിഞ്ഞ ഡിസംബറില്‍ ഔദ്യോഗിക ചുമതലകളിലേക്കു മടങ്ങിയെത്തിയ പരീക്കര്‍ കത്തീറ്റര്‍ ധരിച്ചെത്തി ജനുവരി 30ന് ബജറ്റ് അവതരിപ്പിച്ചു. പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു.കോണ്‍ഗ്രസ് കോട്ടയായിരുന്ന ഗോവയില്‍ ബിജെപിയെ വളര്‍ത്തിയതില്‍ നിര്‍ണായക പങ്കു വഹിച്ച നേതാവാണു പരീക്കര്‍. 1955 ഡിസംബര്‍ 13ന് ഇടത്തരം കുടുംബത്തില്‍ ജനിച്ച പരീക്കര്‍ ആര്‍എസ്എസ് പ്രചാരകനായാണു പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. മുംബൈ ഐഐടിയില്‍നിന്ന് എന്‍ജിനിയറിംഗില്‍ ബിരുദം നേടി.
1994ല്‍ പനാജിയില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തിയ പരീക്കര്‍ 1999 പ്രതിപക്ഷനേതാവായി. 2000 ഒക്ടോബറില്‍ മുഖ്യമന്ത്രിപദത്തിലെത്തി. 2002 ജൂണില്‍ വീണ്ടും മുഖ്യമന്ത്രിയായി. നാല് എംഎല്‍എമാര്‍ കൂറുമാറി!യതോടെ 2005 ജനുവരിയില്‍ പരീക്കര്‍ രാജിവച്ചു. 2012ല്‍ ബിജെപിയെ കേവലഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച പരീക്കര്‍ മുഖ്യമന്ത്രിയായി. 2014ല്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായി. പരീക്കര്‍ പ്രതിരോധ മന്ത്രിയായിരിക്കേയാണ് പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയത്. 2017ല്‍ ഗോവയില്‍ 13 സീറ്റു മാത്രമുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ രൂപവത്കരിച്ചത് പരീക്കറുടെ കഴിവിലായിരുന്നു. ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എംജിപി എന്നീ പാര്‍ട്ടികളെ കൂടെ നിര്‍ത്തി പരീക്കര്‍ മുഖ്യമന്ത്രിയായി. 17 അംഗങ്ങളുണ്ടായിരുന്നിട്ടും കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കേണ്ടി വന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍