വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേകപദവി പുനഃസ്ഥാപിക്കുമെന്നു രാഹുല്‍

ഇറ്റാനഗര്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു നല്കിയിരുന്ന പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സംസ്ഥാനങ്ങളിലെ സാമൂഹികസാംസ്‌കാരിക പാരമ്പര്യത്തെ ആര്‍എസ്എസ് ആശയം അടിച്ചേല്‍പ്പിച്ച് ബിജെപി നശിപ്പിക്കുകയാണെന്നു രാഹുല്‍ കുറ്റപ്പെടുത്തി. അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അരുണാചല്‍ പ്രദേശില്‍ രണ്ടു ലോക്‌സഭാ സീറ്റുകളിലേക്കും 60 നിയമസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഏപില്‍ 11നു നടക്കും. സംസ്ഥാനങ്ങളുടെ ഭാഷ, സംസ്‌കാരം, ജീവിതരീതികള്‍ എന്നിവ മാറ്റുകയോ മതവികാരം ഇളക്കിവിടുകയോ ചെയ്യുന്നതു കോണ്‍ഗ്രസിന്റെ രീതിയല്ല. അരുണാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി തിരിച്ചുനല്കും. ഇതിനായി സ്‌പെഷല്‍ പ്ലാന്‍ അസിസ്റ്റന്റ് പദ്ധതിയും നോര്‍ത്ത് ഈസ്റ്റ് വ്യവസായ നയവും പുനരുജ്ജീവിപ്പിക്കും. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യം മുഖ്യപ്രതിപക്ഷ പാര്‍ട്ടിയോടുള്ള മനോഭാവമാണു വെളിവാക്കുന്നത്. ബിജെപിയുടെ അന്ത്യം ആഗ്രഹിക്കാത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍