ഭീകരാക്രമണം: മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍, ഒമ്പതുപേരെ കാണാനില്ല

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ പള്ളികളില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചതായി അഖിലേന്ത്യ മജിലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. നേരത്തെ മരിച്ചവരില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്ളതായും, രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, ഇവരില്‍ കാണാതായ ആറ് പേരുടെ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. റെഡ്‌ക്രോസ് പുറത്തുവിട്ട പട്ടികയില്‍ കേരളത്തില്‍നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസിലന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ആസ്‌ട്രേലിയന്‍ പൗരനാണ് ആക്രമണം നടത്തിയവരില്‍ ഒരാള്‍. എത്ര പേര്‍ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസിലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍