ഫേസ്ബുക്കിനെ ടിക് ടോക് മറികടക്കും

ബെയ്ജിംഗ്: യുവാക്കളുടെ മനംകവര്‍ന്ന ഇന്‍സ്റ്റന്റ് വീഡിയോ സ്ട്രീമിംഗ്/ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് പ്രചാരമേറുന്നു! 2018ന്റെ ആദ്യ പകുതിയില്‍ ആപ്പിളിന്റെ ആപ് സ്റ്റോറില്‍നിന്ന് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ് ടിക് ടോക്കാണ്. മാര്‍ക്കറ്റ് അനാലിസിസ് കമ്പനിയായ സെന്‍സര്‍ ടവര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് എന്നിവ പിന്നിലായി. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലായി 100 കോടി ഡൗണ്‍ലോഡിംഗുള്ള ടിക് ടോക് ഇപ്പോള്‍ മത്സരിക്കുന്നത് ഫേസ്ബുക്കിനോടാണെന്നാണ് സെന്‍സര്‍ ടവറിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 66.3 കോടി ഡൗണ്‍ലോഡിംഗുകള്‍ 2018ലാണ്. അതേസമയം, കഴിഞ്ഞവര്‍ഷം 71.1 കോടി, 44.4 കോടി പുതിയ ഉപയോക്താക്കളാണ് യഥാക്രമം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തത്.ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ടിക് ടോക്കിന്റെ സ്വീകാര്യത ഏറിവരികയാണ്. ടിക് ടോക്കിന്റെ 25 ശതമാനം ഡൗണ്‍ലോഡിംഗുകളും ഇന്ത്യയിലാണ്. 25 കോടി പേര്‍ ഇന്ത്യയില്‍ ടിക് ടോക് ഉപയോഗിക്കുന്നു. കഴിഞ്ഞ മാസം ടിക് ടോക് ഉപയോഗിക്കാന്‍ തുടങ്ങിയവരില്‍ 43 ശതമാനവും ഇന്ത്യക്കാരാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍