വനിതാ സംവരണബില്‍ യാഥാര്‍ഥ്യമാക്കും: രാഹുല്‍

ജിപോര്‍ (ഒഡീഷ): അധികാര ത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക വനിതാ ദിനത്തില്‍ ഒഡീഷയിലെ ജിപോറില്‍ വനിതാ വോട്ടര്‍മാരെ അഭിസംബോധന ചെയ്യുമ്പോഴാണ് നിയമനിര്‍മാണ സഭകളില്‍ സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടുള്ള ബില്‍ യാഥാര്‍ഥ്യമാക്കുമെന്ന് രാഹുല്‍ ഉറപ്പു നല്‍കിയത്. ഒമ്പതുവര്‍ഷം മുമ്പ് ലോക്‌സഭ പാസാക്കിയെങ്കിലും വനിതാ സംവരണ ബില്‍ ഇതുവരെ നിയമമായില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടംകണ്ടെത്തുന്നതിനു സ്ത്രീകള്‍ പോരാടണമെന്നും രാഹുല്‍ പറഞ്ഞു. സ്ത്രീ പങ്കാളിത്തമില്ലാതെ രാജ്യപുരോഗതി അസാധ്യമാണ്. പുരുഷന്മാരേക്കാള്‍ താഴ്‌വന്നരാണെന്നു സ്ത്രീകള്‍ ഒരിക്കലും കരുതരുത്. ലോക്‌സഭയിലായാലും നിയമസഭയിലായാലും വ്യാപാരമേഖലയിലായാലും സ്ത്രീകള്‍ക്കു പൊരുതി വിജയം നേടാം. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് മാന്യമായ ഇടം കണ്ടെത്താന്‍ പുരുഷന്മാരോട് രാഹുല്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. നിയമസഭകളിലും ലോക്‌സഭയിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ത്താന്‍ അടിയന്തരമായി നിയമനിര്‍മാണം നടപ്പാക്കണം. അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് ഇതു യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍