ഷെറിന്‍ മാത്യൂസിന്റെ മരണം: വളര്‍ത്തമ്മ സിനി മാത്യൂസിനെ കുറ്റവിമുക്തയാക്കി

ഡാളസ്: അമേരിക്കയിലെ ടെക്‌സസില്‍ ഷെറിന്‍ മാത്യൂസ് എന്ന മൂന്നു വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി. വെള്ളിയാഴ്ചയാണു ഡാളസ് കൗണ്ടിയിലെ 282 ക്രിമിനല്‍ ഡിസ്ട്രിക്ട് കോടതി വിധി പറഞ്ഞത്. ഷെറിന്റെ മരണത്തില്‍ സിനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്കു സാധിക്കാതിരുന്നതിനെ തുടര്‍ന്ന് കുറ്റവിമുക്തയാക്കാന്‍ കോടതി തീരുമാനിച്ചത്. കുറ്റക്കാരിയെന്നു കണ്ടെത്തിയിരുന്നെങ്കില്‍ 20 വര്‍ഷംവരെ സിനി തടവുശിക്ഷ അനുഭവിക്കേണ്ടി വന്നേനെ. കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്നു തടവിലായിരുന്ന സിനിയെ മോചിപ്പിച്ചു. എന്നാല്‍ സിനിയുടെ ഭര്‍ത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം. വെസ്‌ലിയുടെ വിചാരണ മേയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2017 ഒക്ടോബറിലാണ് ഷെറിന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ വീട്ടില്‍നിന്ന് അപ്രത്യക്ഷയായ ഷെറിന്റെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷം വീടിനു മുക്കാല്‍ കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് സിനിയും ഭര്‍ത്താവ് വെസ്‌ലിയും അറസ്റ്റിലായി. വളര്‍ച്ചാപ്രശ്‌നം നേരിടുന്ന കുട്ടി പാലു കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ വീടിനു പുറത്തുനിര്‍ത്തി ശിക്ഷിച്ചെന്നും തുടര്‍ന്ന് കാണാതാകുകയുമായിരുന്നെന്നാണ് വെസ്‌ലി പോലീസിന് നല്‍കിയ ആദ്യ മൊഴി. നിര്‍ബന്ധിച്ചു പാലു കുടിപ്പിച്ചപ്പോള്‍ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ പിന്നീട് സമ്മതിച്ചു. എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യുവും സിനിയും ചേര്‍ന്ന് ബിഹാറിലെ മദര്‍ തെരേസ അനാഥ് സേവാ ആശ്രമത്തില്‍ നിന്നാണ് ഷെറിനെ ദത്തെടുക്കുന്നത്. നാലു വയസുള്ള മറ്റൊരു മകള്‍ ഇവര്‍ക്കുണ്ട്. വെസ്‌ലി അറസ്റ്റിലായതിനു പിന്നാലെ ഈ കുഞ്ഞിന്റെ സംരക്ഷണം ശിശു സംരക്ഷണവിഭാഗം ഏറ്റെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍