ഉയര്‍ത്തെഴുന്നേറ്റ് എഴിക്കാട്ടെ ഖാദി ഉത്പാദന കേന്ദ്രം

 പത്തനംതിട്ട: പ്രളയത്തിനിരയായി പൂര്‍ണമായും നശിച്ച ആറന്മുള എഴിക്കാട് കോളനിയിലെ ഖാദി ഉത്പാദന കേന്ദ്രം ഉയര്‍ത്തെഴുന്നേല്പിന്റെ പാതയില്‍. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തിലാണ് പുനരുജ്ജീവനം സാധ്യമാക്കിയത്. വെള്ളപ്പൊക്കത്തില്‍പെട്ട് എഴിക്കാട് ഖാദി ഉത്പാദന കേന്ദ്രത്തിന് ഭീമമായ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. യൂണിറ്റിലെ തറികളും ചര്‍ക്കകളും ഫര്‍ണിച്ചറുകളും റിക്കാര്‍ഡുകളും നശിച്ചുപോയി. യൂണിറ്റില്‍ ആകെ വെള്ളവും ചെളിയും നിറഞ്ഞ് ചര്‍ക്കകളും തറികളും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. യൂണിറ്റിലെ കിണര്‍, വാട്ടര്‍ ടാങ്ക്, മോട്ടോര്‍, കുടിവെള്ള പൈപ്പ് ലൈന്‍, ടോയ്‌ലറ്റ് തുടങ്ങിയവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. 21 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. 20 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തില്‍ ഖാദി ബോര്‍ഡ് ഇടപെട്ടാണ് ഖാദി ഉത്പാദന കേന്ദ്രത്തെ നവീകരിച്ചത്. അടിയന്തര സാഹചര്യം പരിഗണിച്ച് തൊഴിലാളികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ രണ്ട് ഘട്ടമായി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് കേടായ ചര്‍ക്കകളും മാറ്റി പുതിയ 25 ചര്‍ക്കകള്‍ സ്ഥാപിച്ചു. യൂണിറ്റ് കെട്ടിടം പെയിന്റ് ചെയ്ത് വൃത്തിയാക്കുകയും കിണര്‍, കുടിവെള്ള പൈപ്പ് ലൈന്‍, മോട്ടോര്‍ എന്നിവ ഉപയോഗപ്രദമാക്കുകയും ചെയ്തു. ഇപ്പോള്‍ ഈ യൂണിറ്റ് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നതായി ഖാദി ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.ടി.അനുമോദ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍