തെരഞ്ഞെടുപ്പിന് ചൂട് പകരാന്‍ രാഹുല്‍ ഗാന്ധി ഇന്ന് ജില്ലയിലെത്തും

കോഴിക്കോട്: തെരഞ്ഞെടുപ്പിന് ചൂട് പകരാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ട്. ഉച്ചകഴിഞ്ഞ് 3.15 ന് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന അദ്ദേഹം 3.20 ന് കരിപ്പൂരില്‍ നിന്ന് വാഹനത്തില്‍ പുറപ്പെടും. 3.35ന് കടവ് റിസോര്‍ട്ടില്‍ എത്തും. അവിടെ ഒരു മണിക്കൂര്‍ ചെലവഴിച്ച ശേഷം 4.35ന് പുറപ്പെടും. 4.50 ന് കോഴിക്കോട് കടപ്പുറത്ത് ജനമഹാറാലിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. ഒന്നരമണിക്കൂര്‍ വേദിയില്‍ ചെലവഴിക്കുന്ന അദ്ദേഹം 6.20 ന് അവിടെ നിന്ന് തിരിക്കും. 6.50 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. 6.55 ന് പ്രത്യേക വിമാനത്തില്‍ തിരിച്ചുപോകും.മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം നിലനില്‍ക്കയാല്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിനാണ് രാഹുല്‍ഗാന്ധിയുടെ സുരക്ഷയുടെ പൂര്‍ണ ചുമതല.വന്‍ പോലീസ് സംഘത്തെ തന്നെയാണ് കടപ്പുറത്തെ വേദിക്കരികിലും മറ്റുമായി വിന്യസിക്കുന്നത്. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ജനമഹാറാലിയുടെ വേദിയായ കോഴിക്കോട് കടപ്പുറത്തിന് കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും പേര് നല്‍കി. കൃത്യം നാലിന് പൊതുസമ്മേളനം തുടങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖ് അറിയിച്ചു. ട്രാഫിക് പൊലീസിന്റെ നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകര്‍ പാലിക്കണം. കണ്ണൂരില്‍ നിന്ന് കരിപ്പൂരില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗം കോഴിക്കോട് ബീച്ചില്‍ നാലരയ്ക്ക് രാഹുല്‍ ഗാന്ധിയെത്തും. ആറു മണിയോടെ സമ്മേളനം അവസാനിക്കും. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരും മറ്റ് ഘടക കക്ഷിനേതാക്കളും റാലിയില്‍ പെങ്കടുക്കും. എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും ചൂടിനെ വെല്ലാന്‍ കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളൊരുക്കുമെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍