വനിതാമതില്‍ മുഴുവന്‍ സ്ത്രീകള്‍ക്കും അഭിമാനമുണ്ടാക്കി: വൃന്ദാകാരാട്ട്

പാലക്കാട്: വനിതാമതില്‍ കേരളത്തിലെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും അഭിമാനമുണ്ടാക്കുന്ന ഒന്നായിരുന്നെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് പറഞ്ഞു. മഹിളാ അസോസിയേഷന്‍ പാലക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വനിതാ പാര്‍ലിമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വനിതാമതില്‍ അതിനൊരു ഉദാഹരണമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നവരെ തിരഞ്ഞെടുക്കാല്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. വനിതാ പാര്‍ലിമെന്റിലൂടെ ഇത്തരമൊരു സന്ദേശമാണ് നല്‍കുന്നത്. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ പുറമെയുള്ളവരെക്കാള്‍ അകത്ത് നിന്നുള്ളവരില്‍ നിന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മോദി സര്‍ക്കാര്‍ രാജ്യത്തെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതിന് പുറമെ ജനജീവിതം ദുസ്സഹമാക്കുന്ന നയങ്ങളാണ് നടപ്പിലാക്കിയത്.ഇതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിന് ഇടതുമുന്നണി വിഭാവനം ചെയ്യുന്ന മതേതര സര്‍ക്കാര്‍ വരണം. ഈ തിരഞ്ഞെടുപ്പിലൂടെ അതിന് കളമൊരുക്കുന്നതിന് ജനങ്ങള്‍ക്കുള്ള പങ്ക് വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ വനിതാ പാര്‍ലമെന്റ് ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കുമാരി, ഡോ. കദീജ മുതാംസ്, സുജാ സൂസണ്‍ ജോര്‍ജ്ജ്, വി.സരള സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍