രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ നിയമന കാലാവധി നാലു വര്‍ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെ രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ തസ്തികകളില്‍ നിയമന കാലാവധി നാലു വര്‍ഷമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍വരുന്ന ഒന്‍പത് സര്‍വകലാശാലകളാണ് ഈ പരിധിയില്‍ വരുന്നത്. ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി.ഈ തസ്തികകളിലെ പരമാവധി പ്രായപരിധി 56 വയസാക്കിയും ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്തി. ഇപ്പോള്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാലു വര്‍ഷമോ 56 വയസോ പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഓര്‍ഡിനന്‍സ് വരുന്നതോടെ പദവിയില്‍ നിന്നു പുറത്താകും. സര്‍വകലാശാലകളില്‍ ഈ മൂന്ന് തസ്തികകളുടെയും വിരമിക്കല്‍ പ്രായം ഇതുവരെ 60 വയസായിരുന്നു. നിയമിക്കപ്പെടുന്നത് മുതല്‍ കാലപരിധിയില്ലാതെ വിരമിക്കല്‍ പ്രായം വരെ തുടരുകയും ചെയ്യാം. ഓര്‍ഡിനന്‍സ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന കേരള, കാലിക്കട്ട്, മഹാത്മാഗാന്ധി, കണ്ണൂര്‍, കാലടി, കുസാറ്റ്, നുവാല്‍സ്, മലയാളം, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ബാധകമാകും. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍, പ്രോ വൈസ്ചാന്‍സലര്‍ പദവികളില്‍ നാല് വര്‍ഷത്തേക്കാണ് നിയമനം. ഇതേ രീതിയിലേക്കു രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ തസ്തികകളിലെ നിയമനം മാറ്റുമെന്ന് നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍