സര്‍വകലാശാല ഓര്‍ഡിനന്‍സ് : സ്റ്റേയില്ല, നടപടികള്‍ ഹര്‍ജിയിലെ തീര്‍പ്പിനു വിധേയമെന്നും ഹൈക്കോടതി

കൊച്ചി : സര്‍വകലാശാലകളില്‍ രജിസ്ട്രാര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ കാലാവധി നാലു വര്‍ഷമായി വെട്ടിക്കുറച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. 
എന്നാല്‍ ഓര്‍ഡിനന്‍സ് നടപ്പാക്കുന്നത് ഇതിനെതിരെയുള്ള ഹര്‍ജിയിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നീ തസ്തികകളില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുകയോ ഇവര്‍ക്ക് 56 വയസ് പൂര്‍ത്തിയാവുകയോ ചെയ്താല്‍ സ്ഥാനം ഒഴിയണമെന്നാണ് മാര്‍ച്ച് ആറിന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ പറയുന്നത്. കുസാറ്റ് രജിസ്ട്രാര്‍ ഡോ. ഡേവിഡ് പീറ്റര്‍ ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. കലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജ്കുട്ടി ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.
ആറ് സര്‍വകലാശാലകളെ ഒഴിവാക്കി മറ്റുള്ളവയ്ക്ക് മാത്രമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ദുരുദ്ദേശ്യപരമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. മൂന്നു പദവികളിലെയും പെന്‍ഷന്‍ പ്രായം നിലവില്‍ 60 വയസാണ്. പുതിയ ഓര്‍ഡിനന്‍സ് വന്നതോടെ പെന്‍ഷന്‍ പ്രായം 56 ആയി മാറുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ചട്ടമനുസരിച്ച് പദവിയില്‍ 60 വയസു വരെ തുടരാമെന്നിരിക്കെ പൊതുതാത്പര്യമില്ലാതെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും കേന്ദ്ര സര്‍വകലാശാലകളിലും കല്പിത സര്‍വകലാശാലകളിലും ഈ തസ്തികകളിലെ പെന്‍ഷന്‍ പ്രായം 62 ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 
തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ല. നിയമവിരുദ്ധമായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍