ഹരിയാനയില്‍ സഖ്യമാകാമെന്ന് കോണ്‍ഗ്രസിനോട് കേജരിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ഡല്‍ഹിയില്‍ നടക്കാതെപോയ സഖ്യം ഹരിയാനയിലാവാമെന്ന് ആം ആദ്മിപാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. ട്വിറ്ററിലാണ് കേജരിവാള്‍ സഖ്യസ്വപ്‌നം പങ്കുവച്ചത്. സഖ്യത്തില്‍ മത്സരിച്ചാല്‍ ഹരിയാനയിലെ 10 സീറ്റിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് കേജരിവാള്‍ പറഞ്ഞു. നരേന്ദ്ര മോദി, അമിത് ഷാ ജോടികളെ പരാജയപ്പെ ടുത്തണമെന്ന് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ആം ആദ്മിപാര്‍ട്ടി, ജനായക് ജനതാ പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവ ഒന്നിച്ചുചേര്‍ന്ന് മത്സരിച്ചാല്‍ ഹരിയാനയിലെ 10 സീറ്റുകളിലും ബിജെപി പരാജയപ്പെടും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതിനേക്കുറിച്ച് ചിന്തിക്കണമെന്നും കേജരിവാള്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെതിരെ യോജിച്ചുള്ളപോരാട്ടം സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് കേജരിവാളിന്റെ പുതിയ ഓഫര്‍. ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ യോജിച്ചുള്ള പോരാട്ടത്തെക്കുറിച്ച് രാഹുല്‍ പറഞ്ഞത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എഎപി ശ്രമിച്ചെങ്കിലും നടന്നില്ല. ഷീല ദീക്ഷിത് അടക്കമുള്ള സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയാണ് സഖ്യം നടക്കാതെപോയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍