വ്യോമാക്രമണങ്ങളെ രാഷ്ട്രീയവത്കരിക്കരുത്; മുന്നറിയിപ്പുമായി റോ മുന്‍ മേധാവി

 ന്യൂഡല്‍ഹി: വ്യോമാക്രമണങ്ങളെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജന്‍സി മുന്‍ മേധാവി. വ്യോമാക്രമണത്തില്‍നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കരുതെന്നും ഇങ്ങനെ സംഭവിച്ചാല്‍ അത് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് മുന്‍ മേധാവി എ.എസ്. ദുലത് പറഞ്ഞു.കഴിഞ്ഞ മാസം പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ '250 ഭീകരരെ വധിച്ചതിന്‍ന്റെ' ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്‍കി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയതിനു പിന്നാലെയാണ് ദുലതിന്റെ മുന്നറിയിപ്പ്. ദേശസുരക്ഷയുടെ വിഷയങ്ങളില്‍ രാഷ്ട്രീയം പാടില്ല. രാഷ്ട്രീയത്തിനോ തെരഞ്ഞെടുപ്പിനോ വേണ്ടി രാജ്യത്തിന്റെ സുരക്ഷയെ ഉപയോഗിക്കാന്‍ പാടില്ല ദുലത് എന്‍ഡിടിവിയോടു പറഞ്ഞു. മുന്‍ പ്രധാനമന്ത്രിമാരെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തെ കൈകാര്യം ചെയ്തു പരാജയപ്പെട്ടെന്നും പാക്കിസ്ഥാനുമായി ചര്‍ച്ചകളല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും കഴിഞ്ഞ ദിവസം ദുലത് പറഞ്ഞിരുന്നു. കശ്മീര്‍ പ്രശ്‌നത്തിനു സൈനിക നടപടി പരിഹാരമല്ലെന്നും കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ കശ്മീരിലെ സാഹചര്യങ്ങള്‍ തകിടംമറിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍