പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായേക്കും; വിട്ടുകൊടുക്കാതെ ഘടകകക്ഷികള്‍

പനാജി: ബിജെപി എംഎല്‍എ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായേക്കും. മനോഹര്‍ പരീക്കറുടെ മരണത്തോടെ ഒഴിവുവന്ന മുഖ്യമന്ത്രി കസേരയിലേക്കു മത്സരിക്കുന്നവരില്‍ സാവന്തിനാണു മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി പാര്‍ട്ടിക്കുള്ളിലും ഘടകകക്ഷികളുമായും ചര്‍ച്ചകള്‍ തുടരുകയാണ്.
പരീക്കറിന്റെ മരണത്തിനു പിന്നാലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പനാജിയില്‍ എത്തി. ഘടകകക്ഷി നേതാക്കളുമായും പാര്‍ട്ടി നേതാക്കളുമായും ഗഡ്കരി രാത്രി തന്നെ ചര്‍ച്ചകള്‍ നടത്തി. 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തൂക്കുസഭ നിലവില്‍വന്നപ്പോള്‍ ഗഡ്കരിയാണ് ചര്‍ച്ചകള്‍ നടത്തി ബിജെപി സര്‍ക്കാരുണ്ടാക്കുന്നതിനു നേതൃത്വം നല്‍കിയത്. 
ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസയുടെ നിര്യാണത്തോടെ, 40 അംഗ ഗോവ നിയമസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 13 ആയെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ശനിയാഴ്ച കോണ്‍ഗ്രസ് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്കു കത്തെഴുതിയിരുന്നു. മൂന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എംഎല്‍എമാരും മൂന്നു ഗോവ ഫോര്‍വേഡ് എംഎല്‍എമാരും മൂന്നു സ്വതന്ത്രരുമാണു ബിജെപിയെ ഇപ്പോഴും പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസിന് 14 എംഎല്‍എമാരുണ്ട്. നേരത്തെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതടക്കം മൂന്നു സീറ്റുകള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
അതേസമയം, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ സുധിന്‍ ധവാലികറും മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടു രംഗത്തുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പദം വിട്ടുനല്‍കാന്‍ ബിജെപി തയാറല്ല. തങ്ങളുടെ പാളയത്തില്‍നിന്നുതന്നെ ഒരാള്‍ വേണമെന്നാണ് എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത്. വിശ്വജിത് റാണെ, പ്രമോദ് സാവന്ത് എന്നിവരെയാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. ഇവരില്‍തന്നെ സാവന്തിന് എംഎല്‍എമാര്‍ക്കിയില്‍ നേരിയ മുന്‍തൂക്കവുമുണ്ട്. 
നേരത്തെ, കോണ്‍ഗ്രസ് എംഎല്‍എയായ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാമത്ത് ബിജെപിയില്‍ ചേരുന്നതിനായാണ് ഡല്‍ഹിയിലേക്കു പോയിരിക്കുന്നതെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോ ഞായറാഴ്ച പറഞ്ഞു. എന്നനാല്‍ അഭ്യൂഹങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും താന്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും കാമത്ത് വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ കാമത്ത്, 1994ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2005ല്‍ അദ്ദേഹം വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയതിനു പിന്നാലെയാണ് ഇത്. 2012ല്‍ കാമത്ത് ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍