അതിര്‍ത്തി പോലീസ് സ്റ്റേഷനുകളില്‍ റെഡ് അലെര്‍ട്ട്

ഇരിട്ടി: കല്‍പ്പറ്റയില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മലയോര പോലീസ് സ്റ്റേഷനുകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. മേഖലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളായ ഇരിട്ടി, , ഉളിക്കല്‍, കേളകം, കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനുകള്‍ക്കാണ് റെഡ് അലെര്‍ട്ട്. കേരള കര്‍ണാടക അതിര്‍ത്തി വനമേഖേല, ആറളം ഫാം എന്നിവിടങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. കര്‍ണാടകതമിഴ്‌നാട് നക്‌സല്‍വിരുദ്ധ സേനയും ജില്ലയിലെയും വയനാട്ടിലെയും നക്‌സല്‍ മേഖലകള്‍ സന്ദര്‍ശിച്ച് കേരളാപോലീസിന്റെ നടപടികളില്‍ പങ്കുചേരുന്നുണ്ട്. കേരള പോലീസിന്റെ നക്‌സല്‍വിരുദ്ധ സേനയായ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളെ റെഡ് അലെര്‍ട്ടുള്ള പോലീസ് സ്റ്റേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്. നിലവിലുള്ള അഞ്ച് പേര്‍ക്ക് പുറമെ അഞ്ചുപേരെകൂടിയാണ് അധികമായി വിന്യസിച്ചിരിക്കുന്നത്. റെഡ് അലെര്‍ട്ടുള്ള പോലീസ് സ്റ്റേഷനുകളിലെ അടച്ചിട്ട ഗേറ്റ് പുറത്ത് പ്രത്യേക പരിശോധന നടത്തിയ ശേഷമെ ആളുകളെ പോലീസ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നുള്ളു. വയനാട്ടില്‍ നിന്ന് ആറളം ഫാമിലേക്കും മാക്കൂട്ടം വനത്തിലേക്കും മാവോയിസ്റ്റുകള്‍ കടക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി സാജു കെ. ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ആറളം ഉള്‍പ്പെടെയുള്ള ഇരിട്ടി മേഖലയില്‍ പരിശോധനയും സുരക്ഷയും ഒരുക്കിയിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍