പരമാധികാരം സംരക്ഷിക്കാന്‍ സൈന്യം കൈയൂക്ക് കാട്ടും: രാഷ്ട്രപതി

 കോയമ്പത്തൂര്‍: ഇന്ത്യ സമാധാനത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നെങ്കിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ സൈന്യം കൈയൂക്ക് കാട്ടുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നടന്ന 'പ്രസിഡന്റ്‌സ് കളര്‍ പ്രസന്റേഷന്‍' ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധാരണ മികവിന് സേനാ യൂണിറ്റുകള്‍ക്ക് രാഷ്ട്രപതി പ്രത്യേക ബഹുമതി സമ്മാനിക്കുന്ന ചടങ്ങാണിത്. ''അവസരോചിതമായി ഉയരാന്‍ സൈന്യത്തിലെ ധീരയോദ്ധാക്കള്‍ക്ക് കഴിയുമെന്നതില്‍ ആത്മവിശ്വാസമുണ്ട്. രാഷ്ട്രത്തിന് പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സൈന്യം നിലകൊള്ളുന്നത്. ആ ശൗര്യവും കഴിവുമാണ് ബലാകോട്ടിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിലൂടെ രാജ്യം കണ്ടത്.' രാഷ്ട്രപതി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ സുലൂറിലെ 5 ബേസ് റിപെയര്‍ ഡിപോട്ട്, തെലുങ്കാനയിലെ ഹകിംപേട്ട് എയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ക്കാണ് രാഷ്ട്രപതി പ്രസിഡന്റ്‌സ് കളേഴ്‌സ് സമ്മാനിച്ചത്. കേന്ദ്രത്തിന്റെ മേക്ക് ഇന്‍ ഇന്ത്യ കാമ്പെയിനിന്റെ ഭാഗമായി സേനയുടെ കിരണ്‍, ഡോണിയര്‍ വിമാനങ്ങളെ പൂര്‍ണമായി അഴിച്ചുപണിത 5 ബേസ് റിപെയര്‍ ഡിപോട്ടിന്റെ പരിശ്രമത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. 1965, 1971 വര്‍ഷങ്ങളില്‍ ഇന്ത്യപാക് യുദ്ധത്തില്‍ ഹകിംപേട്ട് എയര്‍ഫോഴ്‌സ് വഹിച്ച പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, ചീഫ് എയര്‍മാര്‍ഷല്‍ ബി.എസ്. ധനോവ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍