മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാര പ്രതീക്ഷയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ്

മഞ്ചേരി: മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചത് ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിക്കാന്‍ വഴിത്തിരിവാകുമെന്നു സൂചന. എം.സി.ഐയുടെ പ്രത്യക സംഘം കഴിഞ്ഞ ദിവസം മഞ്ചേരിയിലെത്തി പരിശോധന നടത്തിയിരുന്നു. പ്രത്യേക പരിശോധന മെഡിക്കല്‍ കോളേജിന് അനുകൂലമാവുമെന്നാണ് പ്രതീക്ഷ. ജീവനക്കാരുടെ എണ്ണക്കുറവും വിദ്യാര്‍ഥികള്‍ക്കടക്കം താമസിക്കാനുള്ള സൗകര്യങ്ങളില്ലാത്തതുമായിരുന്നു മുന്‍ വര്‍ഷങ്ങളിലെ എംസിഐ പരിശോധനകളില്‍ മഞ്ചേരി മെഡിക്കല്‍ കോളജിന് തിരിച്ചടിയായിരുന്നത്. അദ്ധ്യാപകരുടെയും ഡോക്ടര്‍മാരുടെയും നിയമനം പൂര്‍ത്തിയാക്കിയത് നേരത്തെ നടന്ന പരിശോധനയില്‍ ഗുണകരമാവുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും മഞ്ചേരി മെഡിക്കല്‍ കോളേജിനു സ്ഥിരാംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്നും ലഭിച്ചിരുന്നില്ല. വിദ്യാര്‍ഥികളുടെ ഭാവിയെപോലും നേരിട്ടു ബാധിക്കുന്ന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഈയിടെ കാര്യക്ഷമമായതോടെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ പ്രധാന ന്യൂനതയായ ഹോസ്റ്റല്‍ കെട്ടിടങ്ങളും ജീവനക്കാര്‍ക്കുള്ള താമസ സൗകര്യങ്ങളും ഒരുക്കാന്‍ നടപടിയായി. ഡോക്ടര്‍മാരായ സുജാത ബവേജ, ശ്രീനിവാസറാവു, സ്വപ്‌നതായ് മെഷ്‌റാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ കോളേജിലെ കിടത്തി ചികിത്സ സൗകര്യം, വാര്‍ഡുകള്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയ സൗകര്യങ്ങള്‍, മാലിന്യ സംസ്‌കരണത്തിനും പരീക്ഷ നടത്തിപ്പിനുമുള്ള സംവിധാനങ്ങള്‍, ലൈബ്രറി, മൈതാനം, താമസത്തിനൊരുക്കുന്ന സൗകര്യങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ചു. കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രത്യേക സംഘം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 2.8107 ഹെക്ടര്‍ സ്ഥലം പത്തു കോടിരൂപ ചെലവില്‍ ഏറ്റെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിനായി കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. വഴി പ്രശ്‌നത്തിനു പരിഹാരമായതോടെ യന്ത്രസാമഗ്രികളെത്തിച്ചു നിര്‍മാണ പ്രവൃത്തികള്‍ ടാന്‍ബി കണ്‍സ്ട്രക്ഷന്‍സ് ആരംഭിച്ചിട്ടുണ്ട്. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റേയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റേയും താഴത്തെ നിലയുടെ സ്ലാബ് ജോലികള്‍ പൂര്‍ത്തിയായി. പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റേയും അധ്യാപക ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റേയും നിര്‍മ്മാണത്തിനു മുന്നോടിയായിട്ടുള്ള പൈലിംഗ് പൂര്‍ത്തിയായി.കാഷ്വാലിറ്റി ബ്ലോക്ക്, ട്രോമകെയര്‍ ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, പുതിയ സര്‍ജിക്കല്‍ ബ്ലോക്ക്, അത്യാധുനിക ക്യാന്‍സര്‍ ചികിത്സാവിഭാഗം, എഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയാണ് മെഡിക്കല്‍ കോളേജില്‍ സൗകര്യ വികസനത്തിന്റെ ഭാഗമായി പ്രാവര്‍ത്തികമാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍