റയല്‍ മാഡ്രിഡ് പരിശീലകനായി വീണ്ടും സിനദിന്‍ സിദാന്‍

മാഡ്രിഡ്: റയല്‍ മാഡ്രിഡില്‍ വീണ്ടും തലമാറ്റം. റയല്‍ മാഡ്രിഡ് പരിശീലകന്‍ സാന്റിയോഗോ സൊളാരിയെ നീക്കി വീണ്ടും സിനദിന്‍ സിദാനെ നിയമിച്ചു. തിങ്കളാഴ്ചയായിരുന്നു ഫുട്‌ബോള്‍ ലോകത്തെ നാടകീയ നീക്കങ്ങള്‍ അരങ്ങേറിയത്. ലോകത്തെ ഏറ്റവും മികച്ച പരിശീലകന്‍ ടീമില്‍ തിരിച്ചെത്തിയതായി റയല്‍ പ്രസിഡന്റ് ഫ്‌ലോറെന്റിനോ പെരെസ് പ്രഖ്യാപിച്ചു. പത്ത് മാസങ്ങള്‍ക്കു ശേഷമാണ് സിദാന്റെ മടങ്ങിവരവ്. 2022 വരെയാണ് പുതിയ കരാര്‍. വീട്ടില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്ന് സിദാന്‍ പ്രതികരിച്ചു. മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് ക്ലബ് വേള്‍ഡ് കപ്പ്, ഒരു സ്പാനിഷ് സൂപ്പര്‍ കപ്പ്, ഒരു ലാലിഗ എന്നീ കിരീടങ്ങള്‍ സിദാന്റെ കീഴില്‍ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ റയലിനായി ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിനു ശേഷമാണ് സിദാന്‍ റയലിന്റെ പടിയിറങ്ങുന്നത്. സിദാനു പിന്നാലെ ചുമതലയേറ്റ ജുലന്‍ ലോപറ്റേഗുയിക്കും പിന്നാലെ താത്കാലിക പരിശീലകനായി ചുമതലയേറ്റ സാന്തിയാഗോ സൊളാരിക്കും കീഴില്‍ റയലിന്റെ പ്രകടനം മോശമായിരുന്നു. ഈ സീസണില്‍ ഒരു കിരീടം പോലും സ്വന്തമാക്കാനാകാതെ അവസാനിപ്പിക്കുന്ന അവസ്ഥയിലാണ് റ!യല്‍ മാഡ്രിഡ്. കഴിഞ്ഞ ദിവസം അയാക്‌സിനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായിരുന്നു. ബാഴ്‌സയോട് കഴിഞ്ഞ രണ്ട് എല്‍ ക്ലാസിക്കോ മത്സരങ്ങളിലും റയല്‍ പരാജയമറിഞ്ഞിരുന്നു. നിലവില്‍ ലീഗില്‍ 51 പോയന്റുമായി മൂന്നാം സ്ഥാനത്താണ് റയലുള്ളത്. ഇതോടെ സൊളാരിയെ പുറത്താക്കി സിദാനെ തിരിച്ചുവിളിക്കാന്‍ റയല്‍ മാഡ്രിഡ് നിര്‍ബന്ധിരാകുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍