നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടിയില്‍നിന്ന് എംഎല്‍എമാരും നേതാക്കളും ബിജെപിയിലേക്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയില്‍നിന്ന് മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. ദെബര്‍ജ് മൊഹന്തി, പുര്‍ണ ചന്ദ്ര നായക്, സുകാന്ത് കുമാര്‍ നായക് എന്നിവരാണ് പാര്‍ട്ടിവിട്ട എംഎല്‍മാര്‍. ഗുനുപുര്‍ എംഎല്‍എ തൃനാഥ് ഗൊമങ്കോ പാര്‍ട്ടിയില്‍നിന്നും രാജിവച്ചങ്കിലും മറ്റു ലാവണം തേടിയിട്ടില്ല. നേരത്തെ ബിജെഡിയില്‍നിന്നും പുറത്താക്കപ്പെട്ട പര്‍ദിപ് എംഎല്‍എ ദാമോധര്‍ റൗത്ത് ഇന്നലെ ചേര്‍ന്നിരുന്നു. ബിജെഡിയുടെ മുന്‍ എംഎല്‍എമാരായ മൂന്നു പേരും ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നു. നിരഞ്ജന്‍ പ്രധാന്‍, കാശിനാഥ് മല്ലിക്, കെ. നാരായണ റാവു എന്നിവരാണ് ബിജെഡിവിട്ടത്. 2009 ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച മുന്‍ എംഎല്‍എ നിലാമണി ബിസോയിയും ബിജെപിയില്‍ ചേര്‍ന്നു. 2014 ല്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെഡിവിട്ട് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ (ജെഎംഎം) ചേര്‍ന്ന മുന്‍ എംപി ലക്ഷ്മണ്‍ ടുഡുവും ബിജെപിയില്‍ അംഗമായി. മയൂര്‍ഭഞ്ച് സീറ്റില്‍ ഇത്തവണ മത്സരിക്കാമെന്ന ആഗ്രഹത്തിലായിരുന്നു ലക്ഷ്മണ്‍ ടുഡു. എന്നാല്‍ ജെഎംഎം അധ്യക്ഷന്‍ ഷിബു സോറന്റെ മകള്‍ അന്‍ജനി സോറനാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ടുഡു അടുത്ത ലാവണം തേടിയത്.പ്രമുഖ ആദിവാസി വനിതാ നേതാവ് കുഷും ടെറ്റെയും ബിജെഡിയില്‍നിന്നും ബിജെപിയിലേക്ക് ചാടി. സീറ്റ് നിഷേധിച്ചതാണ് ടെറ്റെയും പാര്‍ട്ടിയുമായി തെറ്റിയത്. ഇത്തവണ ബിജെപി തങ്ങള്‍ക്ക് സീറ്റ് നല്‍കുമെന്ന പ്രതീക്ഷയിലാണ് കളംമാറ്റിച്ചവുട്ടിയ നേതാക്കളെല്ലാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍