പിഎസ്‌സി നിയമന ശിപാര്‍ശ നല്‍കിയത് 94,516 പേര്‍ക്ക്

തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 94,516 പേര്‍ക്ക് നിയമനശിപാര്‍ശ നല്‍കിയതായി പിഎസ്‌സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആറായിരത്തോളം ഉദ്യോഗാര്‍ഥികളുടെ നിയമന ശിപാര്‍ശകൂടി ഇക്കാലയളവില്‍ തയാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഇതു കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഇ ഓഫീസ് സംവിധാനത്തിലേക്കു മാറുകയാണ്. ഇതിന്റെ ഭാഗമായി ആസ്ഥാന ഓഫീസും 14 ജില്ലാ ഓഫീസുകളും മൂന്ന് റീജണല്‍ ഓഫീസുകളും ഇ ഓഫീസ് സംവിധാനത്തിലേക്കു മാറി. കടലാസ് രഹിത ഓഫീസായി മാറുന്ന സംവിധാനത്തിലേക്ക് പിഎസ്‌സി അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ ലൈന്‍ വ്യാപനം കുറ്റമറ്റ രീതിയില്‍ നിലവില്‍ വരുന്നതോടെ ഉദ്യോഗാര്‍ഥികളുടെ തെരഞ്ഞെടുപ്പിന്റെ വേഗം, പരീക്ഷാ നടത്തിപ്പ്, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം തുടങ്ങിയവയെല്ലാം അതിവേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ സ്‌ക്രീനിംഗ് ടെസ്റ്റ് പോലെ ഭാവിയില്‍ കമ്മീഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധ ഘട്ടങ്ങളിലുള്ള ഉദ്യോഗാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ പരീക്ഷ വ്യാപകമാക്കുന്നതോടെ ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍