പാര്‍പ്പിടങ്ങള്‍ക്കു നികുതി കുറയ്ക്കാന്‍ നിബന്ധന; 80 ശതമാനം സാധനങ്ങള്‍ രജിസ്റ്റേര്‍ഡ് ഡീലറില്‍നിന്നു വാങ്ങണം

ന്യൂഡല്‍ഹി: പാര്‍പ്പിടങ്ങള്‍ക്കുള്ള കുറഞ്ഞ ജിഎസ്ടി നിരക്കു ലഭിക്കണമെങ്കില്‍ നിര്‍മാണ സാമഗ്രികളില്‍ 80 ശതമാനവും രജിസ്റ്റേര്‍ഡ് വ്യാപാരികളില്‍നിന്നു വാങ്ങണം. ജിഎസ്ടി കൗണ്‍സിലാണ് ഇതു തീരുമാനിച്ചത്. ചെറുനഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ബില്‍ഡര്‍മാര്‍ക്ക് ഇതു ബുദ്ധിമുട്ടാകും. ചെലവുകുറഞ്ഞ പാര്‍പ്പിടങ്ങള്‍ക്ക് ഒരു ശതമാനമായും അല്ലാത്തവയ്ക്ക് അഞ്ചു ശതമാനമായുമാണു ജിഎസ്ടി കുറച്ചത്. കുറഞ്ഞ നിരക്ക് ഏപ്രില്‍ ഒന്നിനു നടപ്പില്‍വരും.മെട്രോ നഗരങ്ങളില്‍ 60 ചതുരശ്രമീറ്റര്‍, അല്ലാത്തിടങ്ങളില്‍ 90 ചതുരശ്രമീറ്റര്‍, വില പരമാവധി 45 ലക്ഷം രൂപ ഇതാണു ചെലവുകുറഞ്ഞ പാര്‍പ്പിടത്തിന്റെ നിര്‍വചനം. കേരളത്തില്‍ മെട്രോ നഗരങ്ങള്‍ ഇല്ല. യഥാക്രമം എട്ടും പന്ത്രണ്ടും ശതമാനം ഉണ്ടായിരുന്ന നികുതിയാണ് ഒന്നും അഞ്ചും ശതമാനമായി കുറച്ചത്. നിരക്കു കുറയ്ക്കും മുമ്പ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസിപാര്‍പ്പിടത്തിനു വാങ്ങുന്ന സാധനങ്ങളുടെ ജിഎസ്ടി പാര്‍പ്പിടം വില്‍ക്കുമ്പോഴുള്ള ജിഎസ്ടിയില്‍നിന്നു കിഴിക്കാനുള്ള അവസരം) ഉണ്ടായിരുന്നു. നികുതി കുറച്ചപ്പോള്‍ അതില്ലാതായി. ഐടിസി ഇല്ലാത്തതുമൂലം നികുതിയിളവ് വില കുറയാന്‍ വഴിതെളിക്കില്ല. 80 ശതമാനം സാധനങ്ങളും രജിസ്റ്റേര്‍ഡ് വ്യാപാരികളില്‍നിന്നു വാങ്ങണമെന്ന നിബന്ധനയില്‍ ബില്‍ഡര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ചെറുപട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും രജിസ്റ്റേര്‍ഡ് വ്യാപാരികളല്ല കല്ലും മണലും ഇഷ്ടികയുമൊക്കെ നല്കുന്നത്. പാര്‍പ്പിടത്തിനു പണിയുന്ന കെട്ടിടത്തില്‍ 15 ശതമാനം വരെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. നിര്‍മാണത്തിലിരിക്കുന്ന പാര്‍പ്പിടങ്ങള്‍ക്കു പുതിയ നിരക്കോ പഴയ നിരക്കോ വേണ്ടത് എന്നു തീരുമാനിക്കാന്‍ സമയമനുവദിക്കും. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു സമയം നിശ്ചയിക്കും. പുതിയ പാര്‍പ്പിടങ്ങള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്കുതന്നെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍