അവസാന 48 മണിക്കൂറില്‍ സോഷ്യല്‍ മീഡിയ പ്രചാരണം പാടില്ല

ന്യൂഡല്‍ഹി: നിശബ്ദ പ്രചാരണം സമൂഹമാധ്യമങ്ങള്‍ക്കും ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. വോട്ടെടുപ്പിന് 48 മണിക്കൂറിനുള്ളില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവും പരസ്യങ്ങളും അനുവദിക്കില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്റെ നിര്‍ദേശം പാലിക്കുമെന്ന് സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടുന്ന ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. വോട്ടെടുപ്പ് പെരുമാറ്റച്ചട്ടം ഇന്റര്‍നെറ്റുകളിലും സമൂഹ മാധ്യമങ്ങളിലും ബാധകമാണെന്നു ശനിയാഴ്ച നടന്ന യോഗത്തിലാണ് കമ്മീഷന്‍ അറിയിച്ചത്. രാഷ്ട്രീയ പരസ്യങ്ങള്‍ കടന്നുകൂടിയാല്‍ പരമാവധി മൂന്നു മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണം. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ അതനുസരിച്ചാവും ഇനിയുള്ള പ്രവര്‍ത്തനങ്ങളെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ ഉറപ്പു നല്‍കി. നോഡല്‍ ഓഫീസറുടെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് സംബന്ധിച്ചവ പ്രസിദ്ധപ്പെടുത്തില്ലെന്നു യൂട്യൂബിന്റെയും ഗൂഗിളിന്റെയും പ്രതിനിധികള്‍ അറിയിച്ചു. ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷയിലുമായി പ്രത്യേകം ഉദ്യോഗസ്ഥരെയും ടീമിനെയും ഇതിനായി നിയോഗിക്കുമെന്നും യൂട്യൂബ് അധികൃതര്‍ പറഞ്ഞു. 1951ലെ ജനകീയ പ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ സമൂഹ മാധ്യമങ്ങളും പാലിക്കണമെന്ന നിര്‍ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. നിശബ്ദ പ്രചാരണത്തില്‍ ഇലോകവും നിശബ്ദത പാലിക്കണമെന്ന് ഇതാദ്യമായാണ് നിര്‍ദേശം നല്‍കിയത്. സ്വയം നിയന്ത്രിക്കാനുള്ള സമൂഹ മാധ്യമങ്ങളുടെ നീക്കം നല്ല തുടക്കമാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍