ലോകകപ്പില്‍ 32 ടീമുകള്‍ മതി : സാവി

മുംബൈ : 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ 48 ടീമുകളെ മത്സരിപ്പിക്കാനുള്ള നീക്കത്തോട് യോജിപ്പില്ലെന്ന് മുന്‍ സ്പാനിഷ് ഇന്റര്‍നാഷണല്‍ സാവി ഹെര്‍ണാണ്ടസ്. 32 ടീമുകള്‍ ഉള്‍ക്കൊള്ളുന്ന ലോകകപ്പ് നടത്താനാണ് ഖത്തര്‍ തയ്യാറെടുത്തിരിക്കുന്നതെന്നും അവസാന നിമിഷം ടീമുകളുടെ എണ്ണം കൂട്ടുന്നത് താളംതെറ്റിക്കുമെന്നും ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ സാവി മുംബൈയില്‍ പറഞ്ഞു. മത്സരങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കാണികള്‍ക്ക് മടുപ്പുണ്ടാക്കുമെന്നും സാവി ചൂണ്ടിക്കാട്ടി. ലോകകപ്പ് സംഘാടകര്‍ മുംബയ്‌യില്‍ ഒരുക്കിയ പ്രമോഷന്‍ ഇവന്റില്‍ പങ്കെടുക്കാനാണ് സാവിയെത്തിയത്. ലോകകപ്പും യൂറോ കപ്പും നേടിയ സ്പാനിഷ് ടീമിന്റെ മിഡ്ഫീല്‍ഡ് കരുത്തായിരുന്നു സാവി. ദീര്‍ഘനാള്‍ ബാഴ്‌സലോണയില്‍ മെസിക്കൊപ്പം കളിച്ച സാവി ഇപ്പോള്‍ ഖത്തര്‍ ക്ലബ് അല്‍ സാദിന് വേണ്ടിയാണ് കളിക്കുന്നത്. 2016 മുതല്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായുള്ള ജനറേഷന്‍ അമേസിംഗ് എന്ന സംഘടനയുടെ ബ്രാന്‍ഡ് അംബാസഡറാണ് സാവി. മുംബെയിലെത്തിയ അദ്ദേഹം കുട്ടികള്‍ക്കൊപ്പം ഫുട്ബാള്‍ കളിക്കാനും നേരം കണ്ടെത്തി.ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മത്സരങ്ങള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് സാവി പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗളൂരു എഫ്.സിയും എഫ്.സി ഗോവയും തമ്മിലുള്ള ഫൈനല്‍ കണ്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍