ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 2.5 ലക്ഷം രൂപ സബ്‌സിഡി

ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 2.5 ലക്ഷം രൂപ വരെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. 60,000 ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഒപ്പം 20,000 ഹൈബ്രിഡ് കാറുകള്‍ക്ക് 20,000 രൂപ വീതവും സബ്‌സിഡിയായി നല്കുമെന്നാണ് സൂചന. ഇതിനായി 10,000 കോടി രൂപയുടെ പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളും ഈ പാക്കേജില്‍ ഉള്‍പ്പെടും. ഇലക്ട്രിക്‌ഹൈബ്രിഡ് വാഹനങ്ങള്‍ പ്രചാരത്തിലാക്കുന്നതിനുള്ള പദ്ധതിയായ ഫെയിമിന്റെ രണ്ടാംഘട്ടമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ 5,500 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതിക്ക് സര്‍ക്കാര്‍ ചില മാനദണ്ഡങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. വാഹനങ്ങളുടെ ബാറ്ററി ശേഷി അനുസരിച്ചായിരിക്കും സബ്‌സിഡി നിശ്ചയിക്കുക. എല്ലാ വാഹനങ്ങള്‍ക്കും ഒരു കിലോവാട്ടിന് 10,000 രൂപ വീതവും ബസുകള്‍ക്ക് 20,000 രൂപ വീതവുമായിരിക്കും സബ്‌സിഡി നല്കുക. സബ്‌സിഡി നല്കുന്നതിലൂടെ ജനങ്ങള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍