25 വകുപ്പുകളില്‍ പരിശോധനയ്‌ക്കൊരുങ്ങി വിജിലന്‍സ്

തിരുവനന്തപുരം: അഴിമതിയുണ്ടെന്നു പരാതി ലഭിച്ച സംസ്ഥാനത്തെ 25 സര്‍ക്കാര്‍ വകുപ്പുകളില്‍ ഉടന്‍ വിജിലന്‍സ് പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിജിലന്‍സ് ഡയറക്ടര്‍ മുഹമ്മദ് യാസിന്‍. ആദ്യ പരിശോധന അടുത്ത മാസം ആദ്യം നടക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളതെന്നും സര്‍വീസില്‍ നിന്നും വിരമിക്കുന്നതിനു മുന്നോടിയായി മുഹമ്മദ് യാസിന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ അഴിമതിക്കാരായ 80 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറായിരുന്ന കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലിക്കേസില്‍ വിജിലന്‍സ് കുടുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കു പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയതിനാലാണ് ഇത് സാധ്യമായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വകാര്യ ട്യൂഷന്‍ കണ്ടെത്തുന്നതിന് ട്യൂഷന്‍ സെന്ററുകളിലും കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ പരിശോധനകളും നടത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 53 പോലീസ് സ്റ്റേഷനുകളില്‍ ഓപ്പറേഷന്‍ തണ്ടര്‍ എന്നപേരില്‍ ഒരേസമയത്ത് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ഈ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിനും ഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടികജാതി വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലുകള്‍ വഴി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഈ വിഭാഗത്തിലുള്ള ഹോസ്റ്റലുകളിലും കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളിലും ഓപ്പറേഷന്‍ ബഗീര എന്ന പേരില്‍ വനംവകുപ്പിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍