സൗദിയില്‍ ഒരുങ്ങുന്നത് പുതിയ 12 തുറമുഖങ്ങള്‍

സൗദി : സൗദിയില്‍ പുതിയ പന്ത്രണ്ട് മല്‍സ്യ ബന്ധന തുറമുഖങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് കീഴില്‍ തുറമുഖങ്ങള്‍ സജ്ജമാകുന്നത്. ഇവ സജ്ജമാകുന്നതോടെ നാലായിരത്തിലധികം ബോട്ടുകള്‍ക്ക് ഒരേ സമയം മല്‍സ്യബന്ധനത്തിലേര്‍പ്പെടാന്‍ സൗകര്യമൊരുങ്ങും.
മല്‍സ്യ ബന്ധന മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനും രാജ്യത്തെ മല്‍സ്യബന്ധനം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന, അസീര്‍, ജിസാന്‍, തബൂക്ക് തുടങ്ങിയ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് പുതിയ തുറമുഖങ്ങള്‍.
ഇവയില്‍ ആറെണ്ണം കിഴക്കന്‍ പ്രവിശ്യയിലാണ്. ഇവയില്‍ നാല് തുറമുഖങ്ങളുടെ പണി പൂര്‍ത്തിയായതായും ഉടന്‍ അവ മല്‍സ്യ ബന്ധത്തിനായി തുറന്നു കൊടുക്കുമെന്നും ഫിഷറീസ് വകുപ്പ മേധാവി ഡോക്ടര്‍ അലി ബിന്‍ മുഹമ്മദ് അല്‍ ശൈഖ് പറഞ്ഞു.
പുതിയ തുറമുഖങ്ങള്‍ സജ്ജമാകുന്നതോടെ 4527 ബോട്ടുകള്‍ക്ക ഒരേ സമയം മല്‍സ്യ ബന്ധനത്തിലേര്‍പ്പെടാന്‍ സൗകര്യമൊരുങ്ങും. രാജ്യത്തെ മല്‍സ്യ സമ്പത്തിന്റെ അറുപത് ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മല്‍സ്യ ബന്ധന തുറമുഖങ്ങള്‍ വഴി രാജ്യത്തെ ചെറുകിട പദ്ധതികളില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ഇത് വഴി ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥക്ക് കരുത്തേകാനും സഹായിക്കുമെന്നും ഫിഷറീസ് മേധാവി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍