ഏപ്രില്‍ ഒന്നുമുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന് 12 ദീര്‍ഘദൂര ട്രെയിനുകള്‍ നഷ്ടമാകും

ഷൊര്‍ണൂര്‍: കേരളത്തിന്റെ റെയില്‍വേ ഭൂപടത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ഷൊര്‍ണൂര്‍ ജംഗ്ഷനോടുള്ള കാലാകാലങ്ങളായുള്ള അവഗണന തുടരുന്നു. ദീര്‍ഘ ദൂര ട്രെയിനുകള്‍ വെട്ടിക്കുറച്ച് ഷൊര്‍ണൂരിന്റെ റെയില്‍വേ വികസനത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഉന്നത ഉദ്യോഗസ്ഥ തലപ്പത്ത് നടക്കുന്നത്. ഇപ്പോള്‍ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ സ്റ്റോപ്പുള്ള 13351 ധന്‍ബാദ് അലപ്പി, 13352 അലപ്പി ധനബാദ്, 12512 തിരുവനന്തപുരം ഗോരക്പൂര്‍, 12511 ഗോരക്പൂര്‍ തിരുവനന്തപുരം, 16344 മധുര തിരുവന്തപുരം, 16343 തിരുവനന്തപുരം മധുര, 22646 തിരുവനന്തപുരം അഹല്യാനഗരി, 22645 അഹല്യാ നഗരി തിരുവനന്തപുരം, 12522 തിരുവനന്തപുരം ബറോണി, 12521 ബറോണി തിരുവനന്തപുരം, 22648 തിരുവനന്തപുരം കോര്‍ബ, 22647 കോര്‍ബ തിരുവനന്തപുരം എന്നീ ട്രെയിനുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഷൊര്‍ണൂരില്‍ നിന്ന് ഇല്ലാതാകും. ഇതിനെതിരെ യാത്രക്കാരും ബന്ധപ്പെട്ട അധികൃതരും സംഘടനകളും പ്രതികരിക്കണമെന്നതാണ് ഇപ്പോഴുയരുന്ന ആവശ്യം. ഇതിന് മുമ്പും നിരവധി ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ നിന്നും എടുത്തു മാറ്റിയിട്ടുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും പ്രതികരിക്കുന്നില്ലെന്നതാണ് അവഗണന തുടരാന്‍ കാരണം. ഷൊര്‍ണൂരില്‍ അനുവദിച്ച ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷന്റെ അന്ത്യം കുറിപ്പിച്ചതും, ത്രികോണ റെയില്‍വേ സ്റ്റേഷന്‍, ബള്‍ബ് സ്റ്റേഷന്‍ എന്നിവ നടക്കാതെ പോയതും ഈ പട്ടികയില്‍ ഉള്‍പ്പെടും. ആയിരത്തിലധികം റെയില്‍വെ തൊഴിലാളികള്‍ പണിയെടുത്തിരുന്ന ലോക്കോ ഷെഡായിരുന്നു ആദ്യത്തെ അവഗണന. തുടര്‍ന്ന് ഗണേഷ്ഗിരിയിലെ റെയില്‍വേ പാര്‍ക്ക്, റെയില്‍വേ ഗ്രൗണ്ട്, റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഒന്നൊന്നായി ഇല്ലാതാക്കി. റെയില്‍വേയുടെ അവഗണനയാല്‍ നഷ്ടപ്പെട്ട ഓരോ പദ്ധതിയും നടപ്പിലായിരുന്നെങ്കില്‍ ലോക റെയില്‍വേ ഭൂപടത്തില്‍ തന്നെ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ ഇടം പിടിക്കുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍