മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി, പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി. അമേത്തി അല്ലെങ്കില്‍ റായ്ബറേലി മണ്ഡലങ്ങളില്‍ പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് കണ്ടുവെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശനം പോലും ഇതിന് വേണ്ടിയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. താന്‍ ലക്ഷ്യമിടുന്നത് തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നും, ഫലം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിനെ കുറിച്ചും പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുകയായിരുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുങ്ങുന്നതായി യു.പിയില്‍ പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധിയുടെ 16 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ ചര്‍ച്ച ബുധനാഴ്ച അതിരാവിലെയാണ് നീണ്ടുനിന്നത്.നേരത്തെ പ്രിയങ്ക തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് അത് അവരുടെ താല്‍പര്യം അനുസരിച്ചായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടല്ല പ്രിയങ്കയ്ക്ക് കിഴക്കന്‍ യു.പിയുടെ ചുമതല നല്‍കിയത്. പ്രിയങ്കയെയും ജ്യോതിരാദിത്യ സിന്ധ്യയെയും വെറും രണ്ടുമാസത്തേക്കല്ല യു.പിയിലേക്ക് അയയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ്. അതുവഴി യു.പിയില്‍ പുതിയ ചിന്തകള്‍ക്ക് തുടക്കമിടും. രണ്ട് യുവനേതാക്കളെ അയയ്ക്കുന്നത് ഉത്തര്‍പ്രദേശിന് പുതിയ ദിശാബോധം നല്‍കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍