റൂസ ഫണ്ട് എയ്ഡഡ് കോളജുകളുടെ വികസനത്തിനു വഴിവയ്ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: റൂസ ഫണ്ട് എയ്ഡഡ് കോളജുകളുടെ വലിയതോതിലുള്ള വികസനത്തിനു വഴിവയ്ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ കോളജുകള്‍ക്കുള്ള റൂസ ഫണ്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ ഈവാനിയോസ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒന്നാംഘട്ടം റൂസ ഫണ്ട് 21 സര്‍ക്കാര്‍ കോളജുകള്‍ക്കും ആറു സര്‍വകലാശാലകള്‍ക്കുമാണ് അനുവദിച്ചത്. രണ്ടാംഘട്ടത്തി ല്‍ 369 കോടി രൂപ 121 സ്ഥാപനങ്ങള്‍ക്കാണ് അനുവദിച്ചത്. എയ്ഡഡ് കോളജില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഫണ്ട് അനുവദിച്ചു. പ്രളയശേഷം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് ഉന്നത വിദ്യാഭ്യാസരംഗത്തേക്കുള്ള ഫണ്ട് അനുവദിക്കുന്നതിന് തടസമായില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.ഒന്നാം ഘട്ടത്തില്‍ 20 കോടി രൂപവീതം ലഭിച്ച മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്കും കുസാറ്റിനും രണ്ടാംഘട്ടത്തില്‍ 50 കോടി വീതം ലഭിച്ചത് പ്രചോദനമായി ഉള്‍ക്കൊള്ളണം.സംസ്ഥാനത്തെ 13 സര്‍വകലാശാലയില്‍ ആറെണ്ണത്തിനു മാത്രമാണ് നാക് അക്രഡിറ്റേഷനുള്ളത്. മുഴുവന്‍ സര്‍ക്കാര്‍ കോളജുകളും നാക് അക്രഡിറ്റേഷനിലേക്കു മാറണമെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രളയദുരിതത്തിലായ കേരളത്തെ സഹായിക്കുന്നതിനു പ്രഖ്യാപിച്ച സാലറി ചലഞ്ചില്‍ സര്‍ക്കാര്‍ കോളജില്‍നിന്നുള്ളവര്‍ സഹകരിച്ചപ്പോള്‍ എയ്ഡഡ് കോളജ് അധ്യാപകരില്‍നിന്ന് മോശം പ്രതികരണമാണുണ്ടായതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. റൂസ ഫണ്ടില്‍ ഉപയോക്താക്കളായ കോളജുകളുടെ വിഹിതംകൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കി വലിയ സാമ്പത്തികബാധ്യതയില്‍നിന്ന് ഒഴിവാക്കിയതിന് മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സര്‍ക്കാരിന് നന്ദി പറഞ്ഞു. എയ്ഡഡ് കോളജുകളെ സംബന്ധിച്ച് പുതിയ അധ്യായത്തിന്റെ ആദ്യഘട്ടമായി കാണുന്നതായും കര്‍ദിനാള്‍ പറഞ്ഞു.ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ടി. എം. ജോസഫ്, മാര്‍ ഈവാനിയോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എ. ജോര്‍ജി, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഹരിത വി. കുമാര്‍, റൂസ റിസര്‍ച്ച് ഓഫീസര്‍ ഡോ.യു.സി. ബിവീഷ് എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍