ഓസീസ് ടീം ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലെത്തുന്നു

ഡല്‍ഹി: ടെസ്റ്റില്‍ ദയനീയ പരാജയം. ഏകദിനത്തില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വി. സ്വന്തം നാട്ടില്‍ കോഹ് ലി പടയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഓസീസ് കണക്ക് തീര്‍ക്കാന്‍ ഈ മാസം ഇന്ത്യയിലെത്തും. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയും രണ്ട് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയിലുണ്ടാവുക. എന്നാല്‍, മികച്ച ഫോമിലുള്ള ഇന്ത്യന്‍ ടീമിനെ സ്വന്തം മണ്ണില്‍ തോല്‍പ്പിക്കാന്‍ ആസ്‌ട്രേലിയയ്ക്ക് പ്രയാസമായിരിക്കുമെന്നാണ് വിലയിരുത്തല്‍. പരമ്പരയുടെ സ്ഥലവും തീയതിയും ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഈ മാസം 24 മുതല്‍ മാര്‍ച്ച് 13 വരെ. ആദ്യം ട്വന്റി 20 പരമ്ബര. പിന്നീട് ഏകദിനം. ഫെബ്രുവരി 24ന് ആദ്യ ട്വന്റി 20 മത്സരം നടക്കും. 27ന് ബംഗളൂരുവിലാണ് രണ്ടാമത്തെയും അവസാനത്തേതുമായ മത്സരം. മാര്‍ച്ച് 2ന് ആദ്യ ഏകദിന മത്സരം ഹൈദരാബാദില്‍ നടക്കും. 5ന് നാഗ്പൂര്‍, 8ന് റാഞ്ചി, 10ന് മൊഹാലി, 13ന് ഡല്‍ഹി എന്നിവിടങ്ങളിലാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍. മേയില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് ഒരുങ്ങാനുള്ള ഇരു ടീമുകളുടെയും അവസാന അവസരമാണ് വന്നുചേരുന്നത്. ന്യൂസിലാന്റ് പര്യടനത്തില്‍ നിന്നും വിശ്രമം അനുവദിച്ച ഇന്ത്യന്‍ പേസര്‍ ജസ് പ്രീത് ബുമ്ര ആസ്‌ട്രേലിയന്‍ പരമ്പരയില്‍ തിരിച്ചെത്തും. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം മുന്നില്‍ കണ്ടാണ് ബി.സി.സി.ഐ വിശ്രമമനുവദിച്ചത്. ആസ്‌ട്രേലിയയ്‌ക്കെതിരായ നാല് ടെസ്റ്റുകളിലായി 157.1 ഓവറുകളെറിഞ്ഞ് ബുമ്ര 21 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ 2018ല്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍ ബോള്‍ ചെയ്ത താരങ്ങള്‍ ബുമ്രയും ഓസീസിന്റെ നേഥന്‍ ലയണുമാണ്. 511.3 ഓവറുകള്‍ ബൗള്‍ ചെയ്ത ബുമ്ര 78 വിക്കറ്റുകള്‍ നേടിയിരുന്നു. ലയണാകട്ടെ 636.3 ഓവറുകളാണ് എറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍