മോദി തഴഞ്ഞ റിനയെ മമത ബംഗാളിന്റെ സുരക്ഷ ഏല്‍പ്പിച്ചു

കോല്‍ക്കത്ത: സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ഓട്ടത്തില്‍ പിന്തള്ളപ്പെട്ട റിന മിത്രയെ പശ്ചിമ ബംഗാള്‍ സ്വന്തമാക്കി. മധ്യപ്രദേശ് കേഡറിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയായ റിന മിത്രയെ സംസ്ഥാന ആഭ്യന്തര സുരക്ഷയുടെ മുഖ്യ ഉപദേഷ്ടാവായി മുഖ്യമന്ത്രി മമത ബാനര്‍ജി നിയമിച്ചു. നിലവില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ആഭ്യന്തര സുരക്ഷാ ചുമതലയുള്ള സ്‌പെഷല്‍ സെക്രട്ടറിയായിരുന്നു. ബംഗാളില്‍ വേരുകളുള്ള റിന വിരമിച്ചതിനു പിന്നാലെയാണ് മമതയുടെ ക്ഷണം. രാജ്യത്തിന്റെ പ്രഥമ വനിത സിബിഐ ഡയറക്ടറാകാന്‍, പരിഗണിച്ച എല്ലാ മാനദണ്ഡങ്ങള്‍ പ്രകാരവും താന്‍ യോഗ്യയായിരുന്നെന്ന് നേരത്തെ റിന പറഞ്ഞിരുന്നു. അഴിമതി വിരുദ്ധ വിഭാഗത്തിലും സിബിഐയിലുമുള്ള പ്രവര്‍ത്തന പരിചയമുള്‍പ്പെടെ സിബിഐ ഡയറക്ടറാകാനുള്ള നാല് യോഗ്യതാ മാനദണ്ഡങ്ങളും തനിക്കുണ്ടായിരുന്നു. എന്നാല്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ഓട്ടത്തില്‍ താന്‍ പിന്തള്ളപ്പെട്ടതായി അവര്‍ അഭിപ്രായപ്പെട്ടത് ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.സിബിഐ മേധാവി സ്ഥാനത്തേക്കായി പഴ്‌സനേല്‍ മന്ത്രാലയം തയാറാക്കിയ 12 അംഗ ചുരുക്കപട്ടികയില്‍ റിനയുടെ പേരുള്‍പ്പെട്ടിരുന്നു. ബംഗാളില്‍ വേരുകളുള്ള റിന, 1983 ബാച്ച് ഉദ്യോഗസ്ഥയാണ്. 
1959 സെപ്റ്റംബര്‍ ഒന്നിന് ബംഗാളിലെ അസന്‍സോണില്‍ സാംഗ്‌റ്റോറിയയിലാണ് ജനിച്ചത്. കോല്‍ക്കത്ത ലേഡി ബ്രാബോണ്‍ കോളജില്‍നിന്ന് ബിരുദവും കോല്‍ക്കത്ത സര്‍വകലാശാലയില്‍നിന്നും ബിരുദാന്തര ബിരുദവും നാഷണല്‍ ഡിഫന്‍സ് കോളജില്‍നിന്ന് എംഫിലും റിന സ്വന്തമാക്കിയിരുന്നു. മധ്യപ്രദേശ്, കേന്ദ്ര സര്‍ക്കാരില്‍ വിവിധ സ്ഥാനങ്ങള്‍ റിന വഹിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍