മോറട്ടോറിയത്തിനു വിരുദ്ധമായി നിലപാട് സ്വീകരിച്ചാല്‍ നടപടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മോറട്ടോറിയത്തിനു വിഭിന്നമായി ഏതെങ്കിലും ധനകാര്യ സ്ഥാപനം ജപ്തി നടപടികള്‍ കൈക്കൊണ്ടാല്‍ അത്തരം ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. പി.ജെ. ജോസഫിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇടുക്കി ജില്ലയില്‍ മൂന്നു കര്‍ഷകര്‍ ജീവനൊടുക്കിയ സംഭവം വേദനാജനകമാണ്. ആനവിരട്ടി കോട്ടയ്ക്കലില്‍ രാജു, മേരിഗിരി താന്നിക്കാട്ട്കാല സന്തോഷ്, നെല്ലിപ്പുഴ കവലയില്‍ ജോണി മത്തായി എന്നിവരാണ് ആത്മഹത്യ ചെയ്തത്. മഹാപ്രളയത്തില്‍ സംസ്ഥാനത്ത് 2,36,649.5 ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചു. കാര്‍ഷിക മേഖലയില്‍ മാത്രം 19,001.84 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ഇടുക്കി ജില്ലയില്‍ മാത്രം 83,782 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചുപോവുകയും 35,870.8 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും കണക്കാക്കിയിട്ടുണ്ട്. 
പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് 204.9905 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പ്രളയബാധിതരായ കര്‍ഷകര്‍ക്ക് 11.798കോടി രൂപയുടെ ധനസഹായം നല്‍കി. ഇതിനു പുറമേ, മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിയുടെ ഭാഗമായി സ്‌പെഷല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരില്‍ നിന്നും 93.39 കോടി രൂപയും ലഭ്യമാക്കി. ഇതിന്റെ ആദ്യ ഗഡുവായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ലഭിച്ച 41.55 കോടി രൂപയില്‍ നിന്ന് 8.646 കോടി രൂപ ഇടുക്കി ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി നിയമ സഭയെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍