തിരികള്‍ ഒറ്റയ്ക്കു തെളിച്ചത് ഹൈന്ദവ ശാസ്ത്രപ്രകാരം; വിശദീകരിച്ച് കണ്ണന്താനം

തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ ഒറ്റയ്ക്കു നിലവിളക്കിലെ തിരികള്‍ എല്ലാം തെളിയിച്ചതില്‍ വിശദീകരണവുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഹൈന്ദവ ശാസ്ത്ര പ്രകാരമാണ് താന്‍ തിരികള്‍ തെളിയിച്ചതെന്നും ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാന്‍ നിലവിളക്കു കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നുമാണു മന്ത്രിയുടെ വിശദീകരണം. 
ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാന്‍ നിലവിളക്കു കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങള്‍ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തില്‍ ഇതിനെ കുറിച്ച് പറയുന്നുണ്ട്. ഞാന്‍ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നല്‍കുമ്പോള്‍ അദ്ദേഹം അത് വാങ്ങാന്‍ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാള്‍ മാത്രം വിളക്ക് കത്തിച്ചാല്‍ മതിയെന്നു പറയുകയും ചെയ്തു. 
സ്വാമിജിയുടെ വാക്കുകള്‍ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുകൂലിക്കുകയും ചെയ്തു കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നിലവിളക്കില്‍ ആദ്യം തെളിയിക്കേണ്ടത് വടക്കുകിഴക്കു ദിക്കിലെ തിരിയായിരിക്കണമെന്ന് ശാസ്ത്രം പറയുന്നു. വടക്കു കിഴക്കില്‍നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങള്‍ പറയുന്നത്. അത് പ്രകാരമാണ് താന്‍ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചതെന്നും കണ്ണന്താനം വാദിക്കുന്നു.
ശ്രീനാരായണ ഗുരു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് കണ്ണന്താനം തന്നെ നിലവിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു തെളിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സമ്പത്ത് എംപിയും വേദിയില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അവസരം നല്‍കാതെ മന്ത്രിതന്നെ നിലവിലക്കിലെ തിരികള്‍ കത്തിച്ചുതീര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍