സിറ്റി ഗ്യാസ് പദ്ധതി: കേരളം കൈയിലാക്കാന്‍ കമ്പനികള്‍

കൊച്ചി: ചെലവ് കുറഞ്ഞതും കൂടുതല്‍ സുരക്ഷിതവുമായ പാചകവാതകം പൈപ്പുകളിലൂടെ വീടുകളിലേക്ക് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ലൈസന്‍സ് വിതരണത്തിനുള്ള പത്താംഘട്ടത്തിന് തുടക്കമായി. കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെ 50 പ്രദേശങ്ങളിലേക്കുള്ള ലൈസന്‍സ് വിതരണത്തിനുള്ള ടെന്‍ഡറുകളാണ് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പി.എന്‍.ജി.ആര്‍.ബി) ക്ഷണിച്ചത്. വാഹനങ്ങള്‍ക്ക് സി.എന്‍.ജി വിതരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. പത്താംഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളാണ് ഉള്‍പ്പെടുന്നത്. പത്തു കമ്പനികള്‍ കേരളത്തില്‍ താത്പര്യമറിയിച്ച് രംഗത്തെത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതുസ്വകാര്യ സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്, പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ്, ടൊറന്റ് ഗ്യാസ്, ഭാരത് ഗ്യാസ് റിസോഴ്‌സസ്, മഹാനഗര്‍ ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, യൂണിസണ്‍ എന്‍വിറോ, എ.ജി ആന്‍ഡ് പി എല്‍.എന്‍.ജി മാര്‍ക്കറ്റിംഗിന്റെ കണ്‍സോര്‍ഷ്യം, ഷോലഗ്യാസ്‌കോ, തിംഗ് ഗ്യാസ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ കണ്‍സോര്‍ഷ്യം എന്നിവയാണവ.പത്താംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കമ്പനികള്‍ താത്പര്യമറിയിച്ച പ്രദേശങ്ങളിലൊന്നാണ് കേരളം. ഈ വര്‍ഷം അവസാനത്തോടെ യോഗ്യരായ കമ്പനികള്‍ക്ക് പെര്‍മിറ്റ് നല്‍കും. പത്താംഘട്ടം പൂര്‍ണമാകുന്നതോടെ ഇന്ത്യയുടെ 70 ശതമാനം പ്രദേശങ്ങളും കേരളത്തിന്റെ 76 ശതമാനം പ്രദേശങ്ങളും സിറ്റി ഗ്യാസ് പദ്ധതിയുടെ കീഴിലാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍