സമൂഹത്തെ നിയന്ത്രിക്കുന്ന ശക്തിയായി പണം മാറുന്നു:ഷാജി എന്‍. കരുണ്‍

കരുനാഗപ്പള്ളി: വര്‍ത്തമാന കാലഘട്ടത്തില്‍ സമൂഹത്തെ നിയന്ത്രിക്കുന്ന പ്രബല ശക്തിയായി പണം മാറുകയാണെന്ന് ചലച്ചിത്രകാരനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റുമായ ഷാജി എന്‍. കരുണ്‍ പറഞ്ഞു. 
സംഘത്തിന്റെ നവകേരള സാംസ്‌കാരിക യാത്രയ്ക്ക് കരുനാഗപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയത്തിന്റെ ശബ്ദത്തിനു പകരം പണത്തിന്റെ ശബ്ദമാണ് മതവിശ്വാസങ്ങളില്‍ പോലും കേള്‍ക്കുന്നത്. നല്ല മനുഷ്യരായി ജീവിക്കാനാണ് എല്ലാ മതങ്ങളും നിഷ്‌കര്‍ഷിക്കുന്നത്. പുതിയ കാലത്തിന്റെ മോശപ്പെട്ട നിര്‍മ്മിതികള്‍ നമ്മളോടൊപ്പം നിന്ന് നമ്മളെ തന്നെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജീവതാളം വേദിയിലാണ് സ്വീകരണം ഒരുക്കിയത്. സംഘാടകസമിതി ചെയര്‍മാന്‍ പി.കെ. ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു, ടി.എന്‍. വിജയകൃഷ്ണന്‍, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡി. സുരേഷ്‌കുമാര്‍, ജാഥാ അംഗം ഡോ.എം .എ. സിദ്ധിഖ്, ജാഥാ കണ്‍വീനര്‍ പ്രൊഫ. വി.എന്‍. മുരളി, മാനേജര്‍ എ. ഗോകുലേന്ദ്രന്‍, ഡോ.എം.എം. നാരായണന്‍, വി. സീതമ്മാള്‍, വിനോദ് വൈശാഖി, വി.എസ്. ബിന്ദു, ഡോ.സി. ഉണ്ണിക്കൃഷ്ണന്‍, രാധാ കാക്കനാടന്‍, വി.പി. ജയപ്രകാശ് മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കരുനാഗപ്പള്ളി, കുന്നത്തൂര്‍, ശൂരനാട്, ചവറ മേഖലകളിലെ കലാസാഹിത്യ രംഗത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. ജാഥാ അംഗങ്ങളെ കരുനാഗപ്പള്ളി ടൗണില്‍ നിന്ന് ഘോഷയാത്രയോടെയാണ് സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍