ബാങ്കുകളിലെ കിട്ടാക്കടത്തില്‍ വന്‍കുറവ്

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പതു മാസക്കാലയളവില്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ (മൊത്തം നിഷ്‌ക്രിയ ആസ്തി) 31,168 കോടി രൂപയുടെ കുറവുണ്ടായെന്ന് കേന്ദ്ര ധന സഹമന്ത്രി ശിവ് പ്രതാപ് ശുക്‌ള ലോക്‌സഭയില്‍ പറഞ്ഞു. മുന്‍വര്‍ഷത്തെ സമാന കാലയളവിലെ 8.95 ലക്ഷം കോടി രൂപയില്‍ നിന്ന് 8.64 ലക്ഷം കോടി രൂപയായാണ് കിട്ടാക്കടം കുറഞ്ഞത്.
സര്‍ക്കാര്‍ മുന്നോട്ടുവച്ച നാല് നടപടിക്രമങ്ങളാണ് ഗുണം ചെയ്തത്. കിട്ടാക്കടം തിരിച്ചറിയല്‍, അവ തരണം ചെയ്യാനുള്ള പദ്ധതി, ബാങ്കുകള്‍ക്ക് മൂലധന സഹായം, പരിഷ്‌കരണ നടപടികള്‍ എന്നിവയാണവ. യുക്തിരഹിതമായ വായ്പാ വിതരണം, വായ്പാത്തിരിച്ചടവില്‍ മനഃപൂര്‍വം വീഴ്ച വരുത്തല്‍, വായ്പാത്തട്ടിപ്പ്, അഴിമതി എന്നിവയാണ് മുന്‍വര്‍ഷങ്ങളില്‍ കിട്ടാക്കടം കൂടാന്‍ കാരണം. 2015 2018 കാലയളവില്‍ 3.33 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം റിക്കവറിയിലൂടെ ബാങ്കുകള്‍ തിരിച്ചു പിടിച്ചുവെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.നടപ്പുവര്‍ഷം ഏപ്രില്‍ജനുവരി കാലയളവില്‍ പ്രത്യക്ഷ നികുതിയിനത്തില്‍ 7.89 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചു. നടപ്പുവര്‍ഷം ആകെ ഈയനത്തില്‍ പ്രതീക്ഷിക്കുന്നത് 12 ലക്ഷം കോടി രൂപയാണ്. 201718ല്‍ സമാഹരണം 10.02 ലക്ഷം കോടി രൂപയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍