മമതയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ കമ്മിഷണറെ അറസ്റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് നിര്‍ദ്ദേശിച്ച കോടതി രാജീവ് കുമാറിനോട് അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവിട്ടു. വിഷയത്തില്‍ കോടതി അലക്ഷ്യമുള്ള വിഷയങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തുവെന്ന പരാതിയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, സി.ബി.ഐയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി ആരംഭിച്ച സത്യാഗ്രഹം മൂന്നാംദിവസത്തിലേക്ക് കടന്നു. 13 വര്‍ഷം മുമ്പ് പ്രതിപക്ഷത്തായിരിക്കെ സിംഗൂര്‍ ഭൂമിയേറ്റെടുക്കലിനെതിരെ 26 ദിവസത്തെ സത്യഗ്രഹം നടത്തിയ മെട്രോ ചാനലിലാണ് ഇത്തവണയും സത്യഗ്രഹം. രാത്രി ഉറങ്ങാതെയാണ് മമത പന്തലില്‍ കഴിച്ചകൂട്ടിയത്. വെള്ളിയാഴ്ച വരെ താന്‍ സത്യഗ്രഹമിരിക്കുമെന്നാണ് മമത പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍