ജനം ഒപ്പമുണ്ടെങ്കില്‍ ലഹരിയില്‍നിന്നു സമൂഹത്തെ മോചിപ്പിക്കാമെന്നു പോലീസ്

കോഴിക്കോട്: ജനങ്ങള്‍ ഒപ്പമു ണ്ടെങ്കില്‍ ലഹരിയില്‍നിന്നു സമൂഹത്തെ മോചിപ്പിച്ച് കേരളത്തെ ദൈവത്തിന്റെ സ്വന്തംനാടാക്കി മാറ്റാമെന്ന് പോലീസിന്റെ ഉറപ്പ് . ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രതികരണത്തി നുള്ള മറുപടിയായാണ് ഈ ഉറപ്പ് നല്‍കിയത്. ലോക്കല്‍ സ്റ്റേഷനിലെ അന്വേഷണത്തിനു പുറമേ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡുള്‍പ്പെടെ പരിശോധനയും അന്വേഷണവും ഊര്‍ജിതമാക്കുമ്പോഴും ലഹരിയുടെ വേരുകള്‍ പൂര്‍ണമായും മുറിച്ചു മാറ്റാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പൊതുജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമം മുഖേന പോലീസ് ഇടപെടുന്നത്. കേരളത്തില്‍ നിരോധിക്കപ്പെട്ട പാന്‍ മസാല പോലുള്ളവ രഹസ്യമായി വില്ക്കുന്നുണ്ടെന്നും കൊച്ചുകുട്ടികള്‍ പോലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാന്‍ സര്‍  പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകും എന്നതിനാലാണ് ഇവ നിരോധിച്ചിരിക്കുന്നത്. നല്ലൊരു പുതുതലമുറയെ വാര്‍ത്തെ ടുക്കാന്‍, ഇത്തരത്തിലുള്ള നിരോധിത വസ്തുക്കളുടെ ഉപയോഗമോ കച്ചവടമോ ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. വിവര ങ്ങള്‍ നല്‍കിയിട്ടും കേസ് അന്വേഷിക്കാന്‍ പോലീസ് കൈക്കൂലി ചോദിച്ചാല്‍ എവിടെ ആണ് അറിയിക്കുക ആരോട് പരാതി പറയാം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പോലീസ് നല്‍കുന്നുണ്ട്. ജില്ലാ പോലീസ് മേധാവിക്കോ സംസ്ഥാന പോലീസ് മേധാവിക്കോ പോലീസ് കംപ്ലൈന്റ്‌സ് അഥോറിറ്റിക്കോ പരാതി നല്‍കാമെന്നാണ് ഇതിനുള്ള മറുപടി. പോലീസുകാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന കമന്റിനും വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. 'കാന്‍സറിന് പോലീസ് എന്നൊന്നുമില്ല ബ്രോ .. എല്ലാവരുടേയും സുരക്ഷിത ജീവിതത്തിനായി പറഞ്ഞെന്നേയുള്ളൂ' എന്നായിരുന്നു പോസ്റ്റിന് നല്‍കിയ മറുപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍