സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: പ്രോസിക്യൂട്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പ്രോസിക്യൂട്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ കേജരിവാള്‍ നിര്‍ദേശിച്ചു. സംഭവം ഞെട്ടിച്ചതായും അദ്ദേഹം പറഞ്ഞു. കേസില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ അധികൃതരുടെ ഉദാസീന നിലപാടുകള്‍ ചൂണ്ടിക്കാട്ടി സൗമ്യയുടെ അച്ഛന്‍ എം.കെ വിശ്വനാഥന്‍ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നും പൊള്ളയായ ഉറപ്പുകളാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹി സാകേത് ജില്ലാ കോടതിയില്‍ കേസിന്റെ വിചാരണ നടന്നുവരികയാണ്. വിാചരണ അന്തമായി നീട്ടുപോകുന്നതില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. വിചാരണ നീണ്ടുപോകുന്നതിന്റെ കാരണം അറിയിക്കാന്‍ ഹൈക്കോടതി കേസ് പരിഗണിക്കുന്ന സാകേത് ജില്ലാ കോടതിയോട് ആവശ്യപ്പെട്ടു. കൂടാതെ കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒമ്പതരവര്‍ഷം കഴിഞ്ഞതിനാല്‍ സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിനും കോടതി നിര്‍ദേശം നല്‍കി. വിചാരണ അവസാനിക്കാത്തതിന്റെ കാരണം റിപ്പോര്‍ട്ടിലുണ്ടാവണമെന്ന് ജസ്റ്റീസ് മുക്ത ഗുപ്ത പോലീസിന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കി. കേസിലെ പ്രതിയായ ബല്‍ജീത്ത് മാലിക് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. വിചാരണ വൈകിപ്പിക്കാതെ നിശ്ചിതസമയപരിധിക്കകം തീര്‍ക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥന്‍ 2008 സപ്തംബര്‍ 30ന് രാത്രിയാണ് വെടിയേറ്റു മരിച്ചത്. സൗമ്യയുടെ കൊലപാതകികളെന്നു സംശയിക്കുന്നവരെ മറ്റൊരു കൊലക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പോലീസ് പിടികൂടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍