ആരാധനാലയം പൊതുസ്ഥലമല്ല;ശബരിമലയില്‍ യുവതീ പ്രവേശനം തെറ്റെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികളില്‍ വാദം തുടങ്ങി. ഭരണഘടനാ പരമായ പല കാര്യങ്ങളും പരിഗണിക്കാതെയാണ് കോടതി ഉത്തരവിട്ടതെന്ന് എന്‍.എസ്.എസിന് വേണ്ടി ഹാജരായ അഡ്വ.കെ.പരാശരന്‍ വാദിച്ചു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. തന്ത്രി കണ്ഠരര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം,അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോന്‍, പി.സി. ജോര്‍ജ്, രാഹുല്‍ ഈശ്വര്‍ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 56 റിവ്യൂ ഹര്‍ജികള്‍ അടക്കം 65 ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.പ്രധാനപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാതെയാണ് ശബരിമലയിലെ വിധി പുറപ്പെടുവിച്ചതെന്ന് എന്‍.എസ്.എസിന് വേണ്ടി ഹാജരായ കെ.പരാശരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.വിധിയില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. അതുകൊണ്ട് തന്നെ സുപ്രീം കോടതിയുടെ വിധി തെറ്റാണെന്നും അദ്ദേഹം വാദിച്ചു. പൊതുസ്ഥലങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശിക്കാനുള്ള അവകാശങ്ങളുണ്ടെന്ന ഭരണഘടനയിലെ 15ആം അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും പരാശരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ റിവ്യൂ എന്ന കാര്യത്തില്‍ മാത്രം മതിയെന്നായിരുന്നു ഇക്കാര്യത്തില്‍ കോടതിയുടെ മറുപടി. വിധി എന്തുകൊണ്ട് പുനപരിശോധിക്കണെമെന്നും കോടതി ചോദിച്ചു.ആരാധനാലയങ്ങള്‍ പൊതുസ്ഥലങ്ങള്‍ അല്ലെന്ന വാദത്തില്‍ തന്നെ പരാശരന്‍ ഉറച്ച് നിന്നു. എന്നാല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15 (2) പ്രകാരമാണ് താന്‍ യുവതീ പ്രവേശന വിധി നടത്തിയതെന്ന് ഇക്കാര്യത്തില്‍ ജസ്റ്റിസ് രോഹിന്റണ്‍ നരിമാന്‍ വ്യക്തമാക്കി.അതേസമയം, സുപ്രീം കോടതിയുടെ വിധി എന്തായാലും നടപ്പിലാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം ആകാമെന്ന് സുപ്രീം കോടതി വിധിച്ചപ്പോള്‍ അത് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.ഈ വിധിയില്‍ മാറ്റമുണ്ടായാല്‍ അതും നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിധി എന്തായാലും അനുസരിക്കുമെന്നാണ് ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാറും പ്രതികരിച്ചത്. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍